തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണവും മദ്യവും മയക്കുമരുന്നുമൊഴുക്കുന്നതായി പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പരിശോധകര്‍ 83 കോടി രൂപയും 7.36 ലക്ഷം ലിറ്റര്‍ മദ്യവും 1485 കിലോഗ്രാം മയക്കുമരുന്നുമാണ് ഇതുവരെ പിടികൂടിയത്. പിടിച്ചെടുത്ത മദ്യത്തിന് ഏകദേശം 12.65 കോടിയും മയക്കുമരുന്ന് 10.30 കോടിയും വിലവരുന്നതാണ്. ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇന്നലെ വരെ ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 79.13 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ 31.65 ലക്ഷം പഴയ നോട്ടുകളായിരുന്നെന്നതാണ് ഏറെ രസകരം. പഞ്ചാബില്‍ നിന്ന് 4.05 കോടിയും ഉത്തരാഖണ്ഡില്‍ നിന്ന് 33.27 ലക്ഷവും മണിപ്പൂരില്‍ നിന്ന് 6.95 ലക്ഷം രൂപയും പിടിച്ചെടുത്തു. ഉത്തര്‍പ്രദേശില്‍ നിന്ന് ഇക്കാലയളവില്‍ 3.95 ലക്ഷം ലിറ്റര്‍ മദ്യം അധികൃതര്‍ പിടിച്ചു. 3,09,351 ലിറ്റര്‍ സ്പിരിറ്റ് പഞ്ചാബില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ ഉത്തരാണ്ഡില്‍ 25,907 ലിറ്ററും മണിപ്പൂരില്‍ 4,605 ലിറ്ററും 1.35 ലക്ഷം രൂപയുടെ മദ്യം ഗോവയില്‍ നിന്നും പിടിച്ചു.
മയക്കുമരുന്ന് വിതരണത്തിന്റെ കാര്യത്തില്‍ പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. ഏകദേശം 9.06 കോടി മൂല്യം വരുന്ന 1134 കിലോ മയക്കുമരുന്നാണ് സംസ്ഥാനത്ത് നിന്ന് പിടിച്ചത്. യു.പിയില്‍ നിന്ന് 286.65 കിലോയും 17.22 കിലോ ഗോവയില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്ന് 15.36 ലക്ഷത്തിന്റെയും മണിപ്പൂരില്‍ നിന്ന് 7.62 ലക്ഷത്തിന്റെയും മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കേന്ദ്ര നിരീക്ഷകര്‍ക്ക് പുറമേ ഏകദേശം 200ഓളം നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മാര്‍ച്ച് 11ന് വോട്ടെണ്ണും
