തിരുവനന്തപുരം: തിരുവനന്തപുരം കവടിയാർ രാജ്ഭവന് സമീപം യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കാറിന്‍റെ അമിതവേഗമാണെന്ന് പൊലീസ്. അപകടത്തിൽ പെടും മുമ്പ് കാർ കുതിച്ചുപായുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ആഡംബരകാറുകളുടേയും ബൈക്കുകളുടേയും മത്സരയോട്ടം പതിവായ കവടിയാർ റോഡിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. വ്യവസായിയായ പി.സുബ്രഹ്മണ്യത്തിന്‍റെ മകൻ ആദർശ് ആണ് മരിച്ചത്.  കാറിൽ ഒപ്പമുണ്ടായിരന്ന സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികൾക്കും പരിക്കേറ്റു. 

പരിക്കേറ്റ പെൺകുട്ടികൾ തൈക്കാടുള്ള താജ് ഹോട്ടലിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് വിടാൻ ആദർശിനെ വിളിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് വാങ്ങിയ സ്കോഡ കാറുമായി ആദർശ് എത്തി. തുടര്‍ന്ന് സുഹൃത്തുക്കളെയും കൊണ്ട് കവടിയാറിലേക്ക് അമിത വേഗതയിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ സ്കോഡ കാർ ആദ്യം ഓട്ടോറിക്ഷയിലിടിച്ചു. നിയന്ത്രണം തെറ്റിയ കാർ പിന്നീട് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും ഫയർഫോഴ്സും കാറിലുണ്ടായിരുന്നവരെ പുറത്തേക്ക് എടുത്തത്. 

അപകടത്തിന് തൊട്ടുമുമ്പ് സമീപത്തെ ഒരു കടയിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളിലും കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ മത്സരയോട്ടം നടന്നിട്ടില്ലെന്നാണ് പരിക്കേറ്റ  പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നൽകിയത്. സ്ഫിറ്റ് കാറിൽ ഉണ്ടായിരുന്നതും പെൺകുട്ടികളുടെ സുഹൃത്തുക്കളായിരുന്നു. ഇവരിൽ നിന്നും മൊഴി എടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില തൃപ്തികരമാണ്.