മുംബൈ: അസദുദീന്‍ ഉവൈസിയുടെ രാഷ്‌ട്രീയ പാര്‍ട്ടിക്ക് മഹാരാഷ്‌ട്രയിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്ക്. ഓള്‍ ഇന്ത്യ മജ‌്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ പാര്‍ട്ടിക്കാണ്(എഐഎംഐഎം) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നികുതിയും സാമ്പത്തിക സ്രോതസുകളും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കമ്മീഷന്‍ അറിയിച്ചു.

അതേസമയം, വിലക്കേര്‍പ്പെടുത്തിയ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് എഐഎംഐഎം ഔറംഗാബാദ് എംഎല്‍എ ഇംതിയാസ് ജലീല്‍ ആരോപിച്ചു. നികുതിരേഖകള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും കൈമാറിയതാണെന്നും നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്നും പാര്‍ട്ടി വ്യക്തമാക്കി. ഇതോടെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ബോംബേ ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളിലും മറ്റ് തദ്ദേശതിരഞ്ഞടുപ്പുകളിലും പാര്‍ട്ടിക്ക് മല്‍സരിക്കാനാവില്ല.

നിലവില്‍ മഹാരാഷ്‌ട്ര നിയമസഭയില്‍ രണ്ട് അംഗങ്ങളുള്ള എഐഎംഐഎം ഈയടുത്തുനടന്ന ഔറംഗാബാദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അന്‍പത്തിനാലില്‍ 26 സീറ്റ് നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.