ബംഗളുരു: കടം വാങ്ങിയ നാലായിരം രൂപ തിരിച്ചുനൽകിയില്ലെന്ന കാരണത്താൽ തോട്ടമുടമ തൊഴിലാളിയെ വളർത്തുനായ്ക്കൾക്കൊപ്പം കൂട്ടിലടച്ചു. കർണാടകത്തിലെ മഡിക്കെരിയിലാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് പിടിച്ചുകൊണ്ടുപോയി ഒരു മണിക്കൂറോളമാണ് തോട്ടമുടമ കിഷൻ തൊഴിലാളിയായ ഹരീഷിനെ നായക്കൂട്ടിലിട്ടത്.

മഡിക്കെരിയിലെ കാപ്പിത്തോട്ടമുടമ കിഷാൻ എന്നയാളുടെ ജോലിക്കാരനായിരുന്നു ഹരീഷ്.ബലേലയിലെ കാപ്പിത്തോട്ടത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി കിഷാന് വേണ്ടി പണിയെടുത്തു ഹരീഷ്.മാസങ്ങൾക്ക് മുമ്പ് ഒരത്യാവശ്യത്തിന് നാലായിരം രൂപ തോട്ടമുടമയിൽ നിന്ന് കടം വാങ്ങി.അത് തിരിച്ചുകൊടുക്കാനായില്ല.ഇതിനിടയിൽ ഹരീഷ് കാപ്പിത്തോട്ടത്തിലെ ജോലി ഉപേക്ഷിച്ചു. ബന്ധുവിന്‍റെ കടയിൽ ജോലിക്ക് കയറി.. നൽകിയ പണം പല തവണ തോട്ടമുടമ ആവശ്യപ്പെട്ടു. ഹരീഷിന് നിവൃത്തിയുണ്ടായില്ല.ഒടുവിൽ ആഗസ്റ്റ് 29ന് ഹരീഷിനെ കൈകാര്യം ചെയ്യാൻ ഉടമ കിഷാൻ തീരുമാനിച്ചു. സഹായിയായ മധുവിനൊപ്പം ഹരീഷ് ജോലി ചെയ്യുന്ന കടയിലെത്തി.പണം ആവശ്യപ്പെട്ടു... നൽകാൻ പണമില്ലെന്ന് ഹരീഷ് ആവർത്തിച്ചു.ഇതിൽ കുപിതരായ കിഷനും മധുവും ബലമായി കടയിൽ നിന്ന് ഹരീഷിനെ പിടിച്ചിറക്കി.ജീപ്പിൽ കയറ്റി.

തന്റെ തോട്ടത്തിലേക്കാണ് ഹരീഷിനെ ഉടമ കൊണ്ടുപോയത്. മുന്തിയ ഇനത്തിൽപ്പെട്ട മൂന്ന് വളർത്തുനായ്ക്കൾ ഉളള കൂട്ടിലേക്ക് ഇരുവരും ഹരീഷിനെ തളളിയിട്ടു. നിമിഷങ്ങൾക്കുളളിൽ നായകൾ ഹരീഷിനെ ആക്രമിച്ചു. ഒരു മണിക്കൂറോളം നായകളുടെ ആക്രമണം. ഒടുവിൽ തോട്ടമുടമ ഹരീഷിനെ പുറത്തിറക്കി. അയാളുടെ തലയ്ക്കും കാലിനും കൈകൾക്കും നായകളുടെ കടിയേറ്റിരുന്നു. ഗോണിക്കുപ്പയിലെ സർക്കാർ ആശുപത്രിക്കരികിൽ ഹരീഷിനെ ജീപ്പിൽ കൊണ്ടുപോയി തളളി തോട്ടമുടമ കടന്നുകളഞ്ഞു.

ഗോണിക്കുപ്പയിൽ നിന്ന് ഹരീഷിനെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്. നായക്കൂട്ടിൽ കിടന്നപ്പോൾ മരിച്ചെന്ന് താനുറപ്പിച്ചിരുന്നു എന്നാണ് പൊലീസിനോട് ഹരീഷ് പറഞ്ഞത്. കൊലപാതകശ്രമത്തിന് ഉടമയ്ക്കെതിരെ കേസെടുത്തു. ഇയാൾ കുടകിൽ നിന്ന് കടന്നെന്നാണ് പൊലീസ് നിഗമനം.