തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം. അടിഅടിയന്തര ശസ്ത്രക്രിയകള്‍ അടക്കം വൈകി. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വരുത്തിയ കാലതാമസമാണ് പ്രശ്ന കാരണമെന്നും വൈകിയാണെങ്കിലും ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ടന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

15ടണ്‍ ഓക്‌സിജനാണ് ആശുപത്രിക്ക് ആവശ്യമുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി ഒന്‍പത് ടണ്‍ ഓക്സിജന്‍ മാത്രമാണ് എത്തിച്ചത്. ഇതാണ് ക്ഷാമത്തിന് കാരണമായത്. ഓക്‌സിജന്‍ തീര്‍ന്നതോടെ അടിയന്തര ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെ വൈകി. വാര്‍ഡുകളിലും ഓക്‌സിജന്‍ മുടങ്ങി. അതേസമയം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ബെല്ലാരി കേന്ദ്രമായ ലിന്‍ഡേ എന്ന കമ്പനി വിതരണത്തില്‍ കാലതാമസം വരുത്തിയതാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കമ്പനിക്ക് ജലദൗര്‍ലഭ്യം നേരിടുന്നതിനാല്‍ നിര്‍മാണത്തില്‍ കാലതാമസമുണ്ടാകുന്നുവെന്ന് അറിയിച്ചിരുന്നു. മറ്റൊരു കമ്പനിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമവും നടത്തി. അതേസമയം സംസ്ഥാനത്തെ നിരവധി സ്വകാര്യ ആശുപത്രികളിലേക്കും ലിന്‍ഡേ എന്ന കമ്പനിയില്‍ നിന്നു തന്നെയാണ് ഓക്‌സിജന്‍ എത്തുന്നതെങ്കിലും അവിടെയെങ്ങും ക്ഷാമം നേരിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.