തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓക്സിജന്‍ ക്ഷാമം. ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദേശമനുസരിച്ച് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ഓക്സിജന്‍ എത്താന്‍ വൈകിയാല്‍ തിങ്കളാഴ്ചയോടെ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനവും തടസപ്പെടും.

നേരത്തെ ഓക്സിജന്‍ ക്ഷാമമുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് 15 ടണ്‍ ഓക്സിജന്‍ എത്തിയത്. അതിനുശേഷം കൂടുതല്‍ ഓക്സിജന്‍ എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും എത്തിയിട്ടില്ല. മറ്റൊരു കമ്പനിയില്‍ നിന്ന് ലിക്വിഡ് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമം ആശുപത്രി അധികൃതര്‍ നടത്തിയെങ്കിലും അതും പൂര്‍ണതോതില്‍ വിജയിച്ചില്ല. ഇതാണ് നിലവിലെ കടുത്ത ക്ഷാമത്തിന് കാരണമായത്. തുടര്‍ന്നാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

ഞായറാഴ്ച രാത്രിയോടെയോ തിങ്കളാഴ്ച രാവിലെയോ ഓക്സിജന്‍ എത്തിക്കാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അത് കൂടി എത്തിയില്ലെങ്കില്‍ ആശുപത്രിയില്‍ ഓക്സിജന്‍ പൂര്‍ണമായും ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ശസ്ത്രക്രിയകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വരും. തീവ്രപരിചരണ വിഭാഗം, വാര്‍ഡുകള്‍ എന്നിവിടിങ്ങളിലെയെല്ലാം ചികിത്സകളെ സാരമായി ബാധിക്കുകയും ചെയ്യും. ഓക്സിജന്‍ വിതരണം ചെയ്യുന്ന ബെല്ലാരി കേന്ദ്രമായ ലിന്‍ഡ് എന്ന കമ്പനിക്ക് ജലദൗര്‍ലഭ്യം നേരിടുന്നതിനാല്‍ നിര്‍മാണത്തില്‍ കാലതാമസമുണ്ടാകുന്നു എന്നാണ് വിശദീകരണം. ഓക്സിജന്‍ എത്താത്തതിനാല്‍ കഴിഞ്ഞ ദിവസം ശ്രീചിത്ര ആശുപത്രിയിലും ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു.