മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. ഇൻഡോറിലെ പ്രശസ്തമായ മഹാരാജാ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിലാണ് സംഭവം. അതേസമയം വലിയ ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നാണ് അധികൃതരുടെ വിശദീകരണം.
പുലർച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിൽ ആശുപത്രിയിലെ കേന്ദ്രീകൃത ഓക്സിജൻ വിതരണസംവിധാനം തകരാറിലായതാണ് ദുരന്തത്തിന് കാരണം. 14 മിനുട്ടോളം ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ പ്രാണവായു കിട്ടാതെ മരിച്ചു. എന്നാൽ ഓക്സിജൻ വിതരണ സംവിധാനത്തിൽ തകരാറുണ്ടായിട്ടില്ല എന്നാണ് ആശുപത്രി ഡിവിഷനൽ കമ്മിഷണർ സഞ്ജയ് ദുബെയുടെ ന്യായീകരണം. തകരാറുണ്ടായിരുന്നെങ്കിൽ മറ്റ് രോഗികളേയും ബാധിക്കുമായിരുന്നു. 1400 കിടക്കകളുള്ള ഒരാശുപത്രിയിൽ ദിവസേന 10 മുതൽ 20 വരെ മരണങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. കൂട്ടമരണം സംബന്ധിച്ച വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ ആശുപത്രി തയ്യാറായില്ല. വാർഡുകളിൽ നിന്ന് രോഗികളുടെ ചികിത്സാവിവരങിങൾ സംബന്ധിച്ച ഫയലുകളും ആശുപത്രിയുടെ ഓക്സിജൻ പ്ലാന്‍റിലെ ഡ്യൂട്ടി രേഖകളും തുടർന്ന് അപ്രത്യക്ഷമായി. കഴിഞ്ഞ വർഷം മേയിൽ ഓക്സിജന് പകരം നൈട്രജൻ നൽകി എംവൈ ആശുപത്രിയിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു.
