ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല

ബര്‍ലിന്‍: ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ജര്‍മന്‍ ടീമിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ടീമിന്‍റെ പരാജയത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഏറെ കേട്ട് കഴിഞ്ഞ മധ്യനിര താരം മെസ്യൂട്ട് ഓസില്‍ ടീം വിടണമെന്നാണ് അച്ഛന്‍ മുസ്തഫ ഓസില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ടീം തോല്‍വിയേറ്റ് വാങ്ങിയതിന് ഓസിലിനെ മാത്രമാണ് വിമര്‍ശിക്കുന്നത്. ഒരു ബലിയാടായി മാറുകയാണ് അവന്‍. ഈ സാഹചര്യത്തില്‍ ടീമില്‍ നിന്ന് ഒഴിവാകുന്നതാണ് നല്ലത്. ലോകകപ്പ് സമയത്ത് സമ്മര്‍ദങ്ങള്‍ ഒരുപാട് അവന് നേരിടേണ്ടി വന്നു. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായി അവന്‍ ചിത്രമെടുത്തത് മാന്യതയുടെ പേരിലാണ്.

പക്ഷേ, അതിന് ചിലര്‍ ഓസിലിന്‍റെ വിശ്വാസീയതയെയാണ് ചോദ്യം ചെയ്തത്. ഇപ്പോള്‍ സ്വന്തം വീഴ്ചകള്‍ മറച്ചുവെയ്ക്കാന്‍ പലരും അവന്‍റെ മേല്‍ കുറ്റം ആരോപിക്കുകയാണ്. അവന്‍റെ ഭാഗം കേള്‍ക്കാന്‍ ആരുമില്ല. ഒമ്പത് വര്‍ഷമായി ജര്‍മനിക്കായി അവന്‍ കളിക്കുന്നുണ്ട്. ജയിക്കുമ്പോള്‍ ടീം വിജയിച്ചെന്നും പരാജയപ്പെടുമ്പോള്‍ ഓസില്‍ കാരണം തോറ്റെന്നും പറയുന്നവരുണ്ട്.

സഹിക്കാവുന്നതിലേറെ അവന്‍ ഇപ്പോള്‍ തന്നെ സഹിച്ചു. താന്‍ ആയിരുന്നെങ്കില്‍ ഇതിനകം ടീം വിട്ടിരിക്കുമായിരുന്നുവെന്നും മുസ്തഫ പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് മെസ്യൂട്ട് ഓസില്‍, ഇല്‍ഖായ് ഗുന്ദ്വാൻ എന്നിവരെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനെ സന്ദര്‍ശിച്ചതാണ് ഓസിലിനും ഗുന്ദ്വാനും തിരിച്ചടിയായത്.

പക്ഷേ, ഇതിന് വഴങ്ങാതിരുന്ന യോവാക്കിം ലോ ഓസിലിനെ കളിപ്പിച്ചെങ്കിലും താരത്തിന് ഫോമിലേക്ക് ഉയരാനായില്ല. രണ്ടാം മത്സരത്തില്‍ പുറത്തിരുന്ന ഓസില്‍ ദക്ഷിണ കൊറിയക്കെതിരെ തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ആഴ്സണല്‍ താരം കഷ്ടപ്പെടുകയായിരുന്നു. ജര്‍മ്മനിയില്‍ ജനിച്ച ഓസിലും ഗുന്ദ്വാനും തുര്‍ക്കി വംശജരാണ്. താരങ്ങള്‍ രാജ്യസ്നേഹികളല്ലെന്ന ആരോപണമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.