അവസാനം ആ രഹസ്യം അവർ പരസ്യമായി പ്രഖ്യാപിക്കുകയാണ്. പ്രത്യാഘാതങ്ങളുണ്ടാകുമെന്നറിയാം
അവളിൽ നിന്ന് അവനിലേക്ക്
പെണ്ണായി പിറന്ന് മനസും ശരീരവും ചിന്തകളും തമ്മിലൊത്തുപോകാതെ വന്നപ്പോൾ, നിരന്തര മാനസിക, സാമൂഹ്യസംഘർഷങ്ങൾക്കിരയായി മാറിയവർ, പിന്നീട് പുരുഷരൂപം സ്വീകരിച്ച് ജീവിതത്തിന്‍റെ പൂർണതയിലേക്ക് നടന്നടുക്കുകയായിരുന്നു. ഇത്തരം ഏഴുപേരെയാണ് ഫോട്ടോ പ്രദർശനം പരിചയപ്പെടുത്തുന്നത്. എറണാകുളം ജില്ല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം വിഹാൻ പീതാംബറിന്‍റെ പെൺബാല്യത്തിൽ നിന്ന് തുടങ്ങുന്ന യാത്ര ചെന്ന് അവസാനിക്കുന്നത് അനാഥനായിരുന്ന ക്രിസ്റ്റി രാജിന്‍റെ ജീവിതത്തിലാണ്.
ഡ്രൈവിങും സംഗീതവും ആസ്വദിക്കുന്ന വിഹാന്‍റെ മാതാവിനൊപ്പമുള്ള വാത്സല്യ നിമിഷങ്ങളും പ്രണയിനിയോടൊപ്പമുള്ള കാൽപനിക നിമിഷവും ഫാഷൻഷോയിൽ ഏറെ ആത്മവിശ്വാസത്തോടെ ചുവടുവെക്കുന്നതുമെല്ലാം ഫോട്ടോയിൽ കാണാം. തന്‍റെ യഥാർത്ഥ വ്യക്തിത്വം കാണിക്കാനായി ദുബായിലെ പരസ്യമേഖലയിലെ ജോലിയും വിഹാൻ രാജിവച്ചിരുന്നു. ഇപ്പോൾ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്.

തിരുവനന്തപുരം സ്വദേശിയായ ഇഷാൻ കെ. ഷാൻ രണ്ട് വർഷം മുൻപ് വീടുവിട്ടറങ്ങിയിരുന്നു. ഒരു മുസ്‌ലിം ട്രാൻസ്മാന്‍റെ ജീവിതമാണ് ഇഷാൻ ചിത്രങ്ങൾ തുറന്നുവയ്ക്കുക. കടൽതീരത്ത് ഏകനായി യാത്ര ചെയ്യുന്നതും ഉമ്മ, ഉപ്പ എന്നിവരുടെ സ്നേഹസാമീപ്യവും ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കൊപ്പമുള്ള നിമിഷവും പ്രാർഥനയിൽ മുഴുകുന്നതുമെല്ലാം ഒന്നൊന്നായി ഫ്രെയിമുകളിൽ ഇഷാനെ തെളിയുകയാണ്.
സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡംഗമായ തൃശൂർ സ്വദേശിയായ എബിക്കുട്ടൻ പ്രകൃതിയെ അറിഞ്ഞ് യാത്ര ചെയ്യുന്നതും തെരുവിലൂടെ പുതുവേഷം തേടി അലയുന്നതും സ്ത്രീയിൽ നിന്ന് പുരുഷനായി മാറിയപ്പോഴുള്ള രാത്രിയാത്രയും ഫോട്ടോകളായി കാണാം.
തിരുവനന്തപുരം കാരകോണം സ്വദേശിയായ സർബത്ത് കച്ചവടം ചെയ്യുന്ന ശിവാനന്ദുവും പുരുഷനായതോടെ ഭാര്യ സൗമ്യയും ചേർന്നുള്ള മധുരനിമിഷങ്ങളിൽ ലയിക്കുകയാണ്. ഇതിലൂടെയെല്ലാം അഭിജിത്തിന്‍റെ ക്യാമറ സഞ്ചരിക്കുന്നുണ്ട്. അഭിനേതാവായ തേനിയിലെ സെൽവത്തിന്‍റെ യാത്രകൾ ഏകാന്തതയിലൂടെയാണ്. മാതാപിതാക്കൾക്കൊപ്പവും ട്രാൻസ് സുഹൃത്തുക്കൾക്കൊപ്പവുമുള്ള ചിത്രങ്ങളും സെൽവത്തിന്‍റെ ജീവിതത്തെ മികവുറ്റതാക്കുന്നു.
ബോക്സിങ്, പഞ്ചഗുസ്തി തുടങ്ങിയ കായിക പൗരുഷപ്രകടനങ്ങളിലൂടെയാണ് സംസ്ഥാന ട്രാൻസ്ജെൻഡർ ബോർഡമായ തിരുവനന്തപുരം സ്വദേശി സോനു നിരഞ്ജന്‍റെ ജീവിതം ആവിഷ്കരിക്കുന്നത്. 20-ാം വയസിലാണ് ആൺ ജീവിതം തുടങ്ങുന്നത്. ബംഗളൂരു ടി.സി. പാളയത്തെ സ്കൂളിൽ എട്ടാം ക്ലാസിൽ പഠനം നിർത്തിയാണ് ക്രിസ്റ്റി രാജിന്‍റെ തന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഫാഷനും ഫോട്ടോഗ്രഫിയുമുൾപ്പടെയുള്ള ഇഷ്ടങ്ങളെയാണ് ക്രിസ്റ്റി ചിത്രങ്ങളിൽ നിറയുന്നത്.

ഏഴ് പേരുടെ ജീവിതാനുഭവങ്ങൾ അവരുടെ തന്നെ വാക്കുകളിൽ ചിത്രത്തിന്‍റെ അടിക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഡോക്യുമെന്‍ററി കാണുന്ന അറിവുകളും പരപ്പും അഭിജിത്തിന്‍റെ ഫോട്ടോപ്രദർശനം കാണികൾക്ക് നൽകും. പത്ത് വർഷത്തിലേറെയായി ട്രാൻസ്ജെന്‍റർമാരേ പിന്തുടർന്ന് ഫോട്ടോകളെടുക്കുന്ന അഭിജിത്ത് കോഴിക്കോട് സ്വദേശിയാണ്. ട്രാൻസ് സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിനായി ഫോട്ടോപ്രദർശനം, ഫോട്ടോ ഡോക്യുമെന്‍ററി, ഫോട്ടോപുസ്തകം , അഭിമുഖങ്ങൾ തുടങ്ങിയവ നടത്തിയും ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. കോഴിക്കോട് ലളിതകലാഅക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന മാൻ, ഐആം എന്ന പ്രദർശനം 25ന് സമാപിക്കും.
