ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്കായി പുറപ്പെടുവിച്ച 75,000 കോടി രൂപയുടെ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടുവന്ന പദ്ധതി വോട്ടിനുവേണ്ടിയുള്ള കൈക്കൂലിയാണെന്ന് ചിദംബരം ആരോപിച്ചു.

തന്റെ ട്വീറ്റർ പേജിലൂടെയായിരുന്നു ചിദംബരം മോദി സര്‍ക്കാരിനെതിരെ വിമർശനമുന്നയിച്ചത്. ''ഇന്നാണ് 'വോട്ടിനായുള്ള പണം' ദിവസം. വോട്ടിന് വേണ്ടി  ഔദ്യോഗികമായി 2,000 രൂപ വീതം ഇന്ന് ബിജെപി സര്‍ക്കാര്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കും.'' ചിദംബരം ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യ രാജ്യത്ത് വോട്ടിനായി കൈക്കൂലി നൽകുന്നതിനെക്കാൾ ലജ്ജാകരമായ മറ്റൊന്നില്ലെന്നും വിഷയത്തിൽ  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നില്ലെന്നത് നാണക്കേടാണെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു. 

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു മോദിയുടെ കര്‍ഷക പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഇതുപ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് 6,000 രൂപ നേരിട്ട് നൽകാനാണ് ലക്ഷ്യം വെയ്ക്കുന്നത്. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് മൂന്ന് തവണകളായാണ് ആറായിരം രൂപ എത്തിക്കുന്നത്. ആദ്യ ഇൻസ്റ്റാൾമെന്‍റായ 2,000 രൂപ ഏതാണ്ട് ഒരു കോടി കർഷകർക്ക് ഡിജിറ്റലായി നേരിട്ട് എത്തിക്കും.