കേരളത്തില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെതിരെ പ്രതികരിച്ച സിപിഐ നേതാക്കളടക്കമുള്ളവരെ ആകാശത്തിലെ സ്വപ്ന ജീവികളെന്നും, മാവോയിസ്റ്റുകളെ കോമാളികളെന്നും വിശേഷിപ്പിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആകാശത്ത് നില്‍ക്കുന്ന സ്വപ്ന ജീവികള്‍ പല പ്രതികരണങ്ങളും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇസ്ലാമിക തീവ്രവാദവും ഹിന്ദു തീവ്രവാദവും മാവോയിസവും ഒരേ തൂവല്‍ പക്ഷികളാണെന്ന് മറക്കരുതെന്നും ജയരാജന്‍ പറഞ്ഞു.  മാവോയുടെ പേരിലിറങ്ങിയ കോമാളികളെന്നായിരുന്നു മാവോയിസ്റ്റുളെകുറിച്ചുള്ള പരാമര്‍ശം. രാജ്യത്തിനകത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുക തന്നെ വേണമെന്നും ജയരാജന്‍ പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനോടുള്ള ചോദ്യത്തോട് പ്രതികരിച്ചു.