സര്‍ക്കാരിന് പറയാനുള്ളതെല്ലാം ഹൈക്കോടതി കേട്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കട്ടേ

കണ്ണൂര്‍;എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേസ് സിബിഐ അന്വേഷിക്കട്ടെ,ഫിബ്രുവരി 12--ന് കൊലപാതകം നടന്നപ്പോള്‍ തന്നെ ഞങ്ങള്‍ അതിനെ അപലപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യട്ടേ എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. ഇപ്പോള്‍ പ്രതികളെ പിടികൂടിയിട്ടുണ്ട്.

സിബിഐയെ കാണിച്ചിട്ട് സിപിഎമ്മിനെ വിരട്ടണ്ട എന്നാണ് വലതുപക്ഷ മാധ്യമങ്ങളോടും വലതുപക്ഷ രാഷ്ട്രീയകക്ഷികളോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണ കൊണ്ടാണ് ത്രിപുരയില്‍ ഗര്‍ഭിണിയായ സ്ത്രീയെ ആര്‍എസ്എസ് കൊല്ലുന്ന അവസ്ഥയുണ്ടായത്. ആര്‍എസ്എസ് ദേശീയതലത്തില്‍ നടത്തുന്ന ചുവപ്പ് ഭീകരത എന്ന പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തുടനീളം സിപിഎമ്മിനെ വേട്ടയാടുന്ന ഇപ്പോള്‍ കേരളത്തിലും അതാണ് നടപ്പാക്കുന്നത്. പക്ഷേ സിബിഐ കണ്ടൊന്നും ഞങ്ങള്‍ പേടിക്കുമെന്ന് കരുതണ്ട. 

ഷുഹൈബ് കൊലക്കേസ് പോലീസ് ശരിയായ രീതിയിലാണ് അന്വേഷിച്ചു വന്നത്. പോലീസ് പിടിച്ചത് ഡമ്മി പ്രതികളെയാണെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസാണ് പിന്നെ അവര്‍ തന്നെ നിലപാടും മാറ്റി. ഹര്‍ജി ഹൈക്കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാരിന് പറയാനുള്ളതെല്ലാം ഹൈക്കോടതി കേട്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കട്ടേ. കോടതി വിധിയില്‍ പാര്‍ട്ടിക്കെതിരായി വിമര്‍ശനങ്ങള്‍ക്കൊന്നുമില്ല. ഉണ്ടെങ്കില്‍ അത് പരിശോധിക്കാം.