കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി ജയരാജൻ തുടരും. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത അതൃപ്തി വ്യക്തമായ സമ്മേളനത്തിൽ ജയരാജൻ തെറ്റ് ഏറ്റു പറഞ്ഞതും, പ്രതിനിധികളിൽ നിന്ന് ലഭിച്ച പിന്തുണയും കടുത്ത തീരുമാനത്തിൽ നിന്ന് നേതൃത്വത്തെ പിന്തിരിപ്പിച്ചു. തൽക്കാലത്തേക്ക് വിവാദങ്ങളൊഴിവാക്കിയെങ്കിലും സംസ്ഥാന സമ്മേളനത്തിലാകും പുതിയ നീക്കങ്ങളെന്നാണ് സൂചന.

പാർട്ടിക്കതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന് പാർട്ടി തന്നെ കണ്ടെത്തി നടപടിയെടുത്ത പി ജയരാജൻ സമ്മേളന ഹാളിൽ നിന്ന് പുറത്തെത്തിയത് ജില്ലാ സെക്രട്ടറി ആയിത്തന്നെ. പ്രതിനിധികളുടെ രൂക്ഷ വിമർശനം ഉണ്ടായതിന് പുറമെ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ താക്കീതും ജയരാജന് നേരെയുണ്ടായി. എന്നാൽ സമ്മേളന കാലത്ത് ജില്ലാ സെക്രട്ടറിക്ക് എതിരായ നടപടി അനുചിതമായെന്ന വിമർഷണവും, ഒഴിവാക്കാൻ കഴിയാത്ത നേതാവെന്ന വികാരവും ഉയർന്നത്തോടെ ജയരാജൻ തീർത്തും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായില്ല.

വ്യക്തിപൂജ ആരോപണങ്ങൾ നിലനിൽക്കുമ്പോഴും പാർട്ടി സജീവമായി നിന്ന കാലയാവിലെ നേട്ടങ്ങളും അവഗണിക്കാൻ ആകുമായിരുന്നില്ല. നോട്ടക്കുറവുണ്ടായെന്നു ജയരാജനും തെറ്റ് ഏറ്റുപറഞ്ഞതോടെ കടുത്ത തീരുമാനത്തിനുള്ല സാഹചര്യമൊഴിവായി. ജയരാജന്റെ നടപടികളോട് നടപടികളോട് കടുത്ത അതൃപ്തിയുള്ള സംസ്ഥാന നേതൃത്വം സംസ്ഥാന സമ്മേളനത്തോടെ ആയിരിക്കും പുതിയ നീക്കങ്ങൾ സജീവമാക്കുക. സംസ്ഥാന സെക്രട്ടറിയറ്റിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജയരാജൻ ഇതോടെ സ്ഥാനം ഒഴിയേണ്ടി വരുമെന്ന സാധ്യത നിലനിക്കുന്നു. 

ഇത് മൂന്നാം തവണയാണ് ജയരാജൻ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2010ൽ പി ശശിക്ക് പകരം ചുമതലാക്കാരനായാണ് ജയരാജൻ ഈ സ്ഥാനത്തേക്കെത്തുന്നത്. അച്ചടക്ക നടപടിയുടെ ഭാദമായി തരം താഴ്ത്തപ്പെട്ട സി.കെ.പി പത്മനാഭൻ ഇത്തവണയും ജില്ലാ കമ്മിട്ടയിൽ ഇടം പിടിച്ചില്ല. 6 പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ എത്തി.