ഏഴു തവണ നിയമസഭാംഗവും അഞ്ചുതവണ മന്ത്രിയുമായിട്ടുള്ള പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റ് അംഗമാകുന്നത് ഇതാദ്യമായാണ്. മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവില്‍ വേങ്ങര എംഎല്‍എ ആയിരിക്കെയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടിയിലെ സര്‍വ്വശക്തനായ കുഞ്ഞാലിക്കുട്ടിയെ തന്നെ മുസ്ലീം ലീഗ് നിയോഗിക്കുന്നത്. ഏവരും പ്രതീക്ഷിച്ചപോലെ വന്‍വിജയം നേടിത്തന്നെ പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്കുള്ള കന്നി വിജയം അവിസ്‌മരണീയമാക്കി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിനെ 171038 വോട്ടുകള്‍ക്കാണ് പി കെ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.

പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ പി ഫാത്തിമ്മക്കുട്ടിയുടെയും മകനായി 1951 ജനുവരി ആറിനാണ് പി കെ കുഞ്ഞാലിക്കുട്ടി ജനിച്ചത്.
കോഴിക്കോട് ഫാറൂഖ് കോളേജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഇക്കാലത്ത് മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ എം എസ് എഫിന്റെ യൂണിറ്റ് പ്രസിഡന്റ് പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി. ഇരുപത്തിയേഴാം വയസ്സില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി. 1982ല്‍ നിയമസഭ അംഗമായി. മലപ്പുറത്ത് നിന്നാണ് വിജയിച്ചത്. പിന്നീട് 1987, 1991, 1996, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് വിജയിച്ചു. എന്നാല്‍ 2006ല്‍ കുറ്റിപ്പുറത്ത് കെ ടി ജലീലിനോട് ആദ്യമായി തോല്‍വി ഏറ്റുവാങ്ങി. 2011ലും 2016ലും വിജയിച്ച് വീണ്ടും നിയമസഭയിലേത്തി. 1991-95 കാലത്തെ കരുണാകരന്‍ മന്ത്രിസഭയിലും 1995-96 കാലത്തെ എ കെ ആന്റണി മന്ത്രിസഭയിലും 2001-04 കാലത്തെ എ കെ ആന്റണി മന്ത്രിസഭയിലും 2004-06ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും 2011-16ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി അംഗമായിരുന്നു. ഐസ്ക്രിം കേസ് വിവാദവുമായി ബന്ധപ്പെട്ട് 2004ല്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നിരുന്നു. മന്ത്രിയായിരുന്നപ്പോഴെല്ലാം വ്യവസായ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്.

പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ച് മുന്നേറിയപ്പോഴും പാര്‍ട്ടിയിലെ അനിഷേധ്യ സാന്നിദ്ധ്യമായി കുഞ്ഞാലിക്കുട്ടി വളര്‍ന്നു. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദവിയില്‍ വരെ എത്തിയ കുഞ്ഞാലിക്കുട്ടി, പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞാല്‍ മുസ്ലീം ലീഗിലെ രണ്ടാമന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കെ എം കുല്‍സുവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ. ലസിത മകളും ആശിഖ് മകനുമാണ്.