ലൈംഗിക പീഡന പരാതിയില്‍ സിപിഎം അന്വേഷണം ഇഴയുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ വീണ്ടും സജീവമാവുകയാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശി. സിപിഎം ഏരിയ റിപ്പോർട്ടിങ്ങുകളിൽ ശശി പങ്കെടുത്തു തുടങ്ങി. 

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ സിപിഎം അന്വേഷണം ഇഴയുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ വീണ്ടും സജീവമാവുകയാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശി. സിപിഎം ഏരിയ റിപ്പോർട്ടിങ്ങുകളിൽ ശശി പങ്കെടുത്തു തുടങ്ങി. കമ്മീഷൻ അംഗമായ എ.കെ ബാലൻ ഇടപെട്ടാണ് ശശിക്കെതിരായ നിയന്ത്രണം നീക്കിയത് എന്നാണ് സൂചന.

ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയെ തുടർന്ന് പി. കെ ശശിയോട് അന്വേഷണം കഴിയുന്നതുവരെ പൊതു പരിപാടികളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനായിരുന്നു സെപ്തബര്‍ ആദ്യ വാരം സിപിഎം നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തിലും രണ്ടു തവണ പാലക്കാട് ജില്ലാ കമ്മിറ്റി യോഗങ്ങളിലും പി.കെ ശശി പങ്കെടുത്തില്ല. എംഎല്‍എ എന്ന നിലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും മാറ്റി വെച്ചു. എന്നാല്‍ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ പി.കെ ശശി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാവുകയാണ്.

ശ്രീകൃഷ്ണപുരം, പാലക്കാട് ഏരിയ റിപ്പോർട്ടിങ്ങിൽ പി.കെ ശശി പങ്കെടുത്തു. ശശിയോടുള്ള എതിർപ്പ്‌ നിലനിൽക്കുന്നതിനാൽ ഭൂരിഭാഗം പ്രവർത്തകരും മേഖല റിപ്പോട്ടിങ്ങിന് എത്തിയില്ല. മലമ്പുഴയില്‍ നടന്ന സിഐടിയു ശില്‍പ്പശാലയിലും ശശി പങ്കെടുതിരുന്നു. പരിപടിയിൽ പങ്കെടുക്കുന്നതിന് തനിക്കെതിരെയുള്ള പാർട്ടി നിയന്ത്രങ്ങൾ നീക്കണം എന്നാവശ്യപ്പെട്ട് ശശി നേതൃത്വത്ത സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ കമ്മീഷൻ അംഗമായ എ.കെ ബാലനുമായി ശശി കൂടിക്കഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ശശി വീണ്ടും സജീവമായത്. ശശിക്കൊപ്പമാണ് നേതൃത്വമെന്നത്തിന്‍റെ സൂചനയാണിന്നതെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു.