പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ച സംഭവം സി പി എം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെന്ന് ജില്ലാ സെക്രട്ടറി
കോഴിക്കോട്: പേരാമ്പ്രയില് അറസ്റ്റ് ചെയ്ത പ്രതിയെ സി.പി.എം പ്രവര്ത്തകര് ബലമായി മോചിപ്പിച്ച സംഭവത്തില് വസ്തുതകൾ പരിശോധിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി.മോഹനൻ. പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ മോചിപ്പിച്ചത് അംഗീകരിക്കില്ലെന്നും സംഭവത്തില് സി പി എം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും പി.മോഹനൻ അറിയിച്ചു.
സംഭവത്തില് കണ്ടാലറിയാവുന്ന 15 പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന് പിടികൂടുമെന്നുമാണ് പൊലീസിന്റെ അവകാശവാദം. പേരാമ്പ്രയില് ഇന്നലെ വൈകുന്നേരമാണ് ബോംബേറ് കേസിലെ പ്രതിയായ സുധാകരന് എന്നയാളെ സി.പി.എം പ്രവര്ത്തകര് ബലമായി മോചിപ്പിച്ചത്.
ഒരു എ.എസ്.ഐയും ഏതാനും പോലീസുകാരും ചേര്ന്നാണ് സുധാകരനെ പിടികൂടിയത്. പിന്നാലെ ഇവിടേക്ക് പാഞ്ഞെത്തിയ സി.പി.എം പ്രവര്ത്തകര് സുധാകരനെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവം ആദ്യം മൂടിവെയ്ക്കാനാണ് പോലീസ് ശ്രമിച്ചതെങ്കിലും വിവരം പുറത്തറിഞ്ഞതോടെ കണ്ടാലറിയാവുന്ന സി.പി.എം പ്രവര്ത്തകരുടെ പേരില് കേസെടുക്കുകയായിരുന്നു. രക്ഷപ്പെട്ട സുധാകരനെ കണ്ടെത്താനും പോലീസ് അന്വേഷണം തുടരുകയാണ്.
ശിവജിസേന എന്ന സംഘടനാ പ്രവര്ത്തകരും സി.പി.എമ്മുകാരും തമ്മിലുള്ള സംഘര്ഷത്തെ തുടര്ന്ന് കുറച്ചു കാലം മുന്പ് പ്രദേശത്തെ വീടുകള്ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ഈ സംഭവത്തിലാണ് സുധാകരനെതിരെ പോലീസ് കേസെടുത്തത്.
