തിരുവനന്തപുരം: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രജേഷിനു ഏഷ്യാനെറ്റ് ന്യൂസിന്‍റെ കീര്‍ത്തിമുദ്ര പുരസ്കാരം. കായിക രംഗത്തെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരമാണ് ശ്രീജേഷിനു ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്കാരം.

ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ നായകനായ ശ്രീജേഷ് എറണാകുളം സ്വദേശിയാണ്. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ഗോള്‍ കീപ്പറുമായിരുന്നു. 2014 ലെ ചാമ്പ്യന്‍ ട്രോഫിയിലെ മികച്ച ഗോള്‍കീപ്പര്‍ ബഹുമതി ലഭിച്ചിരുന്നു. അതേ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീം നായകനും ശ്രീജേഷായിരുന്നു. 2015 ലെ അർജുന പുരസ്‌കാരവും തേടിയെത്തി.

എ എന്‍ രവീന്ദ്ര ദാസ്, പത്മിനി തോമസ്, ഡോ ജി കിഷോര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി തെരെഞ്ഞെടുത്ത അഞ്ചു പേരില്‍ നിന്നും പ്രേക്ഷകരുടെ എസ് എം എസിലൂടെയും ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയുമാണ് പി ആര്‍ ശ്രീജേഷിനെ തെരെഞ്ഞെടുത്തത്. അഞ്ജു ബോബി ജോര്‍ജ്ജ്, കെ സി ലേഖ, കെ എം ബീനാ മോള്‍, എസ് ശ്രീശാന്ത് എന്നിവരായിരുന്നു പ്രതിഭാപട്ടികയിലെ മറ്റ് അംഗങ്ങള്‍.

പരിസ്ഥിതി വിഭാഗത്തിലെ കീര്‍ത്തിമുദ്ര പുരസ്കാരം അഡ്വ. ഹരീഷ് വാസുദേവനും കാര്‍ഷിക മേഖലയിലെത് സിബി കല്ലിങ്കലിനും സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിക്കും സാഹിത്യത്തില്‍ സുഭാഷ് ചന്ദ്രനും രാഷ്ട്രീയത്തില്‍ വി ടി ബെല്‍റാമിനുമായിരുന്നു ലഭിച്ചത്.