മന്ത്രിമാരായവരില്‍ ചിലര്‍ സെക്രട്ടേറിയറ്റ് അഗത്വം ഒഴിയണമെന്ന് സംസ്ഥാന സമ്മേളനത്തിലും ജില്ലാ സമ്മേളനങ്ങളിലും ആവശ്യമുയര്‍ന്നിരുന്നെങ്കിലും അതൊന്നും പാര്‍ട്ടി  പരിഗണിച്ചില്ല

തിരുവനന്തപുരം: കെ.എന്‍ ബാലഗോപാലിനെയും പി.രാജീവിനെയും ഉള്‍പെടുത്തി 16 അംഗ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചു. നിലവിലുള്ള അംഗങ്ങള്‍ക്കൊന്നും മാറ്റമില്ല. പി.ജയരാജന്റെ പേര് സെക്രട്ടേറിയറ്റിലേക്ക് പറഞ്ഞ് കേട്ടിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ല.

നിലവില്‍ 15 അംഗ സെക്രട്ടേറിയറ്റാണുണ്ടായിരുന്നത്. വി.വി ദക്ഷിണാമൂര്‍ത്തി മരിച്ചപ്പോള്‍ ഒരു ഒഴിവ് വന്നു. 16 അംഗ സെക്രട്ടേറിയറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ രണ്ട് പേര്‍ക്ക് അവസരം കിട്ടി. മന്ത്രിമാരായവരില്‍ ചിലര്‍ സെക്രട്ടേറിയറ്റ് അഗത്വം ഒഴിയണമെന്ന് സംസ്ഥാന സമ്മേളനത്തിലും ജില്ലാ സമ്മേളനങ്ങളിലും ആവശ്യമുയര്‍ന്നിരുന്നെങ്കിലും അതൊന്നും പാര്‍ട്ടി പരിഗണിച്ചില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരില്‍ ഏറ്റവും കഴിവ് തെളിയിച്ചവരെന്ന നിലക്കാണ് ബാലഗോപാലിനും പി രാജീവിനും സംസ്ഥാനത്തെ പരമോന്നത സമിതിയിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്.

കൊല്ലത്തും എറണാകുളത്തും പുതിയ സെക്രട്ടറിമാര്‍ വരും. അതാത് ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം പിന്നീട് തീരുമാനിക്കും. സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള അവസരമായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെടുക്കുമെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അതുണ്ടായില്ല.