പ്രചരിപ്പിക്കുന്ന ഫോട്ടോകളില്‍ ഒന്ന് 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ അതീവ സുരക്ഷ ഏർപ്പെടുത്തിയതാണെന്ന് വാര്‍ത്ത സഹിതമാണ് പി രാജീവ് തെളിയിച്ചിട്ടുള്ളത്. രണ്ടാമത്തെ ഫോട്ടോ 2016 ജനുവരിയിൽ പുതിയ ബാച്ച് പൊലീസ്‌ ശബരിമലയുടെ സുരക്ഷ ഏറ്റെടുത്തതാണ്

കൊച്ചി: ശബരിമല സന്നിധാനത്ത്‌ പൊലീസിനെ നിറച്ചുവെന്ന തരത്തില്‍ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുള്ള പൊലീസ് വ്യൂഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യക്തമായ അജണ്ടയുള്ള പ്രചരണം പൊടിപൊടിക്കുന്നത്. യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത്.

സന്നിധാനത്തെ പൊലീസ് വ്യൂഹം എന്ന പ്രചരണത്തെ പൊളിച്ചടുക്കി പി രാജീവ് രംഗത്തെത്തിയിരിക്കുകയാണ്. പ്രചരണത്തിനായി ഉപയോഗിച്ചിട്ടുള്ള രണ്ട് ചിത്രങ്ങളും പഴയതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ചിലരുടെ അജണ്ടകളിൽ തല വെച്ച്‌ കൊടുക്കാതിരിക്കേണ്ടത്‌ എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികൾക്ക്‌ മനസിലാവുമല്ലോ എന്ന് ഫേസ്ബുക്കിലൂടെ ചോദിച്ചുകൊണ്ടാണ് പി രാജീവ് സംഘപരിവാറിന്‍റെ വ്യാജ പ്രചരണത്തെ തുറന്നുകാട്ടിയത്.

യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വിന്യസിച്ച പൊലീസ് വ്യൂഹം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോകളില്‍ ഒന്ന് 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ അതീവ സുരക്ഷ ഏർപ്പെടുത്തിയതാണെന്ന് വാര്‍ത്ത സഹിതമാണ് പി രാജീവ് തെളിയിച്ചിട്ടുള്ളത്.

രണ്ടാമത്തെ ഫോട്ടോ 2016 ജനുവരിയിൽ പുതിയ ബാച്ച് പൊലീസ്‌ ശബരിമലയുടെ സുരക്ഷ ഏറ്റെടുത്തതാണെന്നും വാര്‍ത്ത സഹിതം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്ത്‌ പൊലീസിനെ നിറച്ചുവെന്നു കാണിച്ച്‌ വ്യാപകമായി പ്രചരിക്കപ്പെടുന്ന രണ്ട്‌ ചിത്രങ്ങളും പുതിയതല്ലെന്ന് പറഞ്ഞ രാജീവ് ഇത്തരം അജണ്ടകള്‍ തിരിച്ചറിയണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.