Asianet News MalayalamAsianet News Malayalam

സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ല, ആത്മസംയമനം ബലഹീനതയായി കാണരുത്: ശ്രീധരന്‍പിള്ള

ആത്മസമ്യമനം പാലിച്ചുകൊണ്ടുള്ള നടപടികളാണ് ബിജെപി സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി സുരേന്ദ്രന്‍റെ അറസ്റ്റില്‍ ഹര്‍ത്താല്‍ ഒഴിവാക്കി. ഹൈവേ തടയല്‍ സമരം തന്നെ പരിമിതമാക്കുകയും ആളുകള്‍ക്ക് കഴിവതും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ബലഹീനതയായി കരുതേണ്ടതില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

p s sreedharan pillai responds on bjp leader s arrest
Author
Kottayam, First Published Nov 18, 2018, 1:50 PM IST

കോട്ടയം: ശബരിമല വിഷയത്തില്‍ നടക്കുന്നതെല്ലാം നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ഇന്ത്യന്‍ ഭരണഘടനയേയോ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയോ നിയമവാഴ്ചയുടെ അടിസ്ഥാന പ്രമാണങ്ങളെയോ ഒന്നും പരിഗണിക്കാതെ നിന്ദ്യവും നീചവുമായ അറസ്റ്റാണ് ഇന്നലെ ഉണ്ടായതെന്ന് കെ സുരേന്ദ്രന്‍റെ അറസ്റ്റില്‍ ശ്രീധരന്‍പിളള പ്രതികരിച്ചു.

കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയതാണ്. സുരേന്ദ്രന്‍ പൊലീസിനെ അക്രമിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്യമായാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പിന്നെ എങ്ങനെ 353ാം വകുപ്പ് നിലനില്‍ക്കുമെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. ജനാധിപത്യ സംവിധാനത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിയമ സംവിധാനം കേരളത്തില്‍ പ്രായോഗികമായി ഇല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

നീതിപീഠവും നിയമവ്യവസ്ഥയും തങ്ങല്‍ക്ക് പുല്ലാണെന്ന മട്ടില്‍ സര്‍ക്കാരും പൊലീസും ശബരിമലയില്‍ തേര്‍വാഴ്ച നടത്തുകയാണ്. ഈ നടപടികളില്‍ വലിയ ഒരു വിഭാഗം ജനങ്ങള്‍ അസ്വസ്ഥരാണ്. ഇത് അപകടകരമാം വിധത്തിലേക്ക് പോകാതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എങ്ങോട്ട് പോകും എന്ന് അറിയാത്ത വണ്ണം അപകടകരമായ സ്ഥിതിയിലേക്കാണ് ഇത് പോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രഭരണകൂടത്തിന്‍റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെയും ദേശീയ നേതാക്കളുടെയും കൂടി മാര്‍ഗ്ഗ ദര്‍ശനവും ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍പിള്ള  കൂട്ടിച്ചേര്‍ത്തു.

ആത്മസമ്യമനം പാലിച്ചുകൊണ്ടുള്ള നടപടികളാണ് ബിജെപി സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി സുരേന്ദ്രന്‍റെ അറസ്റ്റില്‍ ഹര്‍ത്താല്‍ ഒഴിവാക്കി. ഹൈവേ തടയല്‍ സമരം തന്നെ പരിമിതമാക്കുകയും ആളുകള്‍ക്ക് കഴിവതും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ബലഹീനതയായി കരുതേണ്ടതില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ബിജെപി നിയമപരമായ പോരാട്ടം തുടരും. രാഷ്ട്രീയമായി തുറന്നുകാട്ടാനുള്ള നടപടികളും ബിജെപിയില്‍നിന്ന് ഉണ്ടാകും. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ദേവസ്വംബോര്‍ഡ് പോലും എതിര്‍ത്തിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും മകനും ചേര്‍ന്ന് സിപിഎമ്മിന് വേണ്ടി നിയമവ്യവസ്ഥയെ കുഴിച്ച് മൂടുകയാണ്. ഇതിനതിരെ ബിജെപി സമരം ശക്തമാക്കി മുന്നോട്ട് പോകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

പിണറായി വിജയനും സിപിഎമ്മും ശങ്കരദാസന്‍മാരും ഒന്നുമല്ല, അതിനപ്പുറം ഇന്ത്യന്‍ ഭരണഘടനയുണ്ട്. മൗലികാവകാശങ്ങളുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ പോരാട്ടം നടത്തിയ രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സംഘപരിവാര്‍.  അതിനാല്‍ നിയമവാഴ്ചയെ മാനിച്ച് നിയമവാഴ്ചയിലൂടെ തന്നെ ജനങ്ങളെ സംഘടിപ്പിച്ച് പോരാട്ടം തുടരുമന്നും ശ്രീധരന്‍പിളള. 

Latest Videos
Follow Us:
Download App:
  • android
  • ios