സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ നിയമപരമായി മാത്രമേ തീരുമാനമെടുക്കാവൂ എന്നും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും ഗവര്‍ണര്‍ പി സദാശിവം. രാഷ്‌ട്രീയ തീരുമാനങ്ങള്‍ മാത്രം അനുസരിച്ചല്ല ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉപദേശ രൂപേണ ഗവര്‍ണര്‍ പറഞ്ഞു.
എന്‍എസ്എസ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ അഞ്ചാംവാര്‍ഷികാഘോഷ ചടങ്ങായിരുന്നു വേദി. ചടങ്ങിനെത്തിയത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ കെ എം ചന്ദ്രശേഖനും, ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഉള്‍പ്പെടെയുളളവര്‍. സെന്‍കുമാറിന്റെ പുനര്‍നിയമന പ്രശ്നവും ഗവര്‍ണര്‍ക്ക് മേലുളള രാഷ്‌ട്രീയ സമ്മര്‍ദ്ദവും നിലനില്‍ക്കുന്ന അന്തരീക്ഷം. യാതൊരു സമ്മര്‍ദ്ദത്തിനും അടിമപ്പെടാതെയായിരിക്കണം ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കേണ്ടതെന്ന് ഗവര്‍ണര്‍. രാഷ്‌ട്രീയ നേതൃത്വം മാറിമറിഞ്ഞ് വരും. നിയമാനുസൃതമായി മാത്രമേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ എന്ന് ഗവര്‍ണറുടെ ഉപദേശം.
