പി സതീശന്‍ റിമാന്‍റില്‍

കണ്ണൂര്‍: ആശ്രിത നിയമനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനെ റിമാന്‍റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. പി.ശശിയുടെ സഹോദരനാണെന്നത് കൊണ്ട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആദ്യം വിസമ്മതിക്കുകയായിരുന്നു. 

സാമ്പത്തീക തട്ടിപ്പിനെകുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് പി.സതീശനെതിരെ കേസെടുക്കുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്ത കൊടുത്തിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പരാതികളാണ് കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലേക്കെത്തിയത്. പഞ്ചായത്ത് ഡിപ്പാര്‍മെന്റില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് രണ്ടരലക്ഷം രൂപ വാങ്ങിയിരുന്നു. 

എന്‍ജിനീയറിങ്ങ് കഴിഞ്ഞ് ജോലി ഇല്ലാതെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെ ഏഴ് ഒഴിവുകള്‍ സിപിഎമ്മിനാണെന്നും ഇതില്‍ രണ്ട് ഒഴിവുകളില്‍ ആളെയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും പറഞ്ഞ ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വിവിധ ജില്ലകളില്‍ ഇയാള്‍ ഇതുപോലെ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായും പരാതി ഉയര്‍ന്നു.

ജോലി ആവശ്യമുള്ളവരെ വിശ്വസിപ്പിക്കാനായി ഇയാള്‍ മുഖ്യമന്ത്രിയുടെയും കൊടിയേരി ബാലകൃഷ്ണന്റെയും പേരുകള്‍ ദുരുപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിപിഎമ്മിന് പി.സതീശന്റെ തട്ടിപ്പുകളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.