തിരുവനന്തപുരം: റേഷൻ വ്യാപാരികളുമായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭക്ഷ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച. പാക്കേജിന് മന്ത്രിസഭാ അംഗീകാരം നല്‍കിയതിനാല്‍ സമരം തീര്‍ന്നേക്കാനാണ് സാധ്യത.വ്യാപാരികളുടെ കമ്മീഷന്‍ 16000മുതല്‍ 48000 വരെ കൂട്ടും. മാസം 45 ക്വിന്‍റല്‍ അരി വില്‍ക്കുന്നവര്‍ക്ക് മുതല്‍ വര്‍ധനവിന്‍റെ ഗുണം കിട്ടും.

റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല കടയടപ്പ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. റേഷൻ വിതരണം മുടങ്ങിയത് സാധാരണക്കാരെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രി വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചത്. 

വേതനപാക്കേജ് നടപ്പാക്കുക, വിതരണത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളുടെ തുക്കം ഉറപ്പുവരുത്തുക തുടങ്ങിയ വ്യാപാരികളുടെ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ട് വച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു സംയുക്ത സമരസമിതി.