സംസ്ഥാനത്ത് നെല്ല് സംഭരിക്കാന്‍ 54 മില്ലുകളെങ്കിലും വേണ്ടിടത്ത് രണ്ട് സഹകരണ മില്ലുകള്‍ മാത്രമാണ് സംഭരണം തുടങ്ങിയത്. പലയിടത്തും ഒന്നാം വിള കൊയ്ത്ത് നേരത്തെ പൂര്‍ത്തിയായിട്ടും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും കാത്തിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇടക്ക് പെയ്യുന്ന മഴ ആശങ്കപ്പെടുത്തുന്നതിനാല്‍ കിട്ടുന്ന വിലക്ക് പൊതുമാര്‍ക്കറ്റില്‍ നെല്ല് വിറ്റൊഴിക്കുകയാണ് പലരും.

നെല്ല് സംഭരിക്കുന്നതിന് സര്‍ക്കാര്‍, മില്ലുകള്‍ക്ക് നല്‍കുന്ന കൈകാര്യ ചിലവ് ക്വിന്റലൊന്നിന് 190 രൂപയായി കഴിഞ്ഞ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ഉത്തരവായി പുറത്തിറങ്ങാത്തതാണ് സംഭരണത്തില്‍ നിന്നും പിന്‍വലിയാന്‍ മില്ലുടമകളെ പ്രേരിപ്പിക്കുന്നത്. ഇവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയാണെന്നും, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മില്ലുകളുമായി ധാരണയിലെത്തിയാലും, പാടശേഖര സമിതികള്‍ അലോട്ടു ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് പിന്നെയും ആഴ്ചകളെടുക്കും. സര്‍ക്കാര്‍ ഇടപെടല്‍ വൈകും തോറും, കര്‍ഷകരുടെ ആശങ്ക മുതലെടുത്ത് ലാഭം കൊയ്യുന്നത് ഈ രംഗത്തെ സ്വകാര്യ ഏജന്‍സ്കളാണ്.