Asianet News Malayalam

മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍: കെകെ മുഹമ്മദിനും കെജി ജയനും പത്മശ്രീ

നടൻ മോഹൻലാൽ, ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, സം​ഗീതജ്ഞൻ കെജി ജയൻ, പുരാവസ്തുവിദ​ഗ്ദ്ധൻ കെകെ മുഹമ്മദ്, ശിവ​ഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവർ കേരളത്തിന്റെ പത്മതിളക്കമായി മാറി. 

Padma awards for five malayaless
Author
Delhi, First Published Jan 25, 2019, 11:47 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ഈ വര്‍ഷത്തെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി അ‍ഞ്ച് പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ ലഭിച്ചത്. നടൻ മോഹൻലാൽ, ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, സം​ഗീതജ്ഞൻ കെജി ജയൻ, പുരാവസ്തുവിദ​ഗ്ദ്ധൻ കെകെ മുഹമ്മദ്, ശിവ​ഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവർ കേരളത്തിന്റെ പത്മതിളക്കമായി മാറി. 

അഭിനയജീവിതത്തില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മോഹന്‍ലാല്‍ കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പത്മഭൂഷണ്‍ പുരസ്കാരം സ്വന്തമാക്കുന്നത്. പോയവർഷങ്ങളിൽ മലയാള സിനിമയുടെ ബജറ്റ്/കളക്ഷൻ സങ്കൽപങ്ങളെ മാറ്റി മറിച്ച താരം മലയാളത്തിന് അപ്പുറം കടന്നും തന്റെ പ്രതിഭയെ അറിയിച്ചു. മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയുടെ സൂപ്പർതാരമായി തിളങ്ങുന്ന മോഹൻലാൽ പത്മഭൂഷൺ പുര്സകാരവാർത്ത അറിയുമ്പോൾ ഹൈദരാബാദിൽ പ്രിയ​ദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. 

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കുകയും സിബിഐയുടെ നീണ്ടകാലത്തെ വേട്ടയാടലിന് ഇരയാവുകയും ചെയ്ത നമ്പി നാരായണനാണ് മോഹൻലാലിനൊപ്പം പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മറ്റൊരു മലയാളി. രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതിയായും വെറുക്കപ്പെട്ടവനായും ജീവിതത്തിലെ നല്ലൊരു കാലം കഴിച്ച നമ്പി നാരായണനോട് ജീവിതസായാഹ്നത്തിൽ രാജ്യം നൽകുന്ന പ്രായശ്ചിത്തം കൂടിയാണ്  പത്മപുരസ്കാരം

പ്രശസ്ത സംഗീതജ്ഞന്‍മാരായ ജയവിജയന്‍മാരിലെ കെ.ജി ജയന് ഇക്കുറി പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അര്‍ഹിച്ച പുരസ്കാരമാണ് ലഭിക്കുന്നത്. ആറാം വയസ്സ് മുതല്‍ സഹോദരനൊപ്പം സംഗീതം അഭ്യസിച്ചു തുടങ്ങിയ കെജി ജയന് അദേഹത്തിന്റെ 85-ാം വയസ്സിലാണ് പരമോന്നത സിവിലിയന്‍ പുരസ്കാരം ലഭിക്കുന്നത്. സഹോദരൻ കെജി വിജയന്റെ വിയോ​ഗം സൃഷ്ടിച്ച ശൂന്യതയിലും സം​ഗീതത്തിൽ സ്വയം സമർപ്പിച്ചു ജീവിക്കുന്ന കെജി ജയനെ നടന്‍ മനോജ് കെ ജയന്‍റെ അച്ഛന്‍ എന്ന നിലയിലും മലയാളികൾ അറിയും. 

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ഉത്തരമേഖല ഡയറക്ടറായി വിരമിച്ച കോഴിക്കോട്ടുകാരന്‍ കെകെ മുഹമ്മദ് രാജ്യത്തെ അറിയപ്പെടുന്ന പുരവാസ്തുവിദഗ്ദ്ധരില്‍ ഒരാളാണ്. പത്മശ്രീ പുരസ്കാരം നൽകിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും പുരവസ്തുവകുപ്പിനും അദ്ദേഹം നൽകിയ സംഭാവനകളെ രാജ്യം ഇപ്പോൾ ആദരിക്കുന്നത്. സര്‍വ്വീസിലിരിക്കുന്ന കാലത്ത് ഒട്ടനവധി ചരിത്രസ്മാരകങ്ങളും അവശേഷിപ്പുകളും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ വീണ്ടെടുത്തിരുന്നു. അക്ബര്‍ പണി കഴിപ്പിച്ച ഇബാദത് ഖന്ന, ഫത്തേഫൂര്‍ സിക്രിയില്‍ അക്ബര്‍ പണിത ഉത്തരേന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി, അശോക ചക്രവര്‍ത്തി കേസരിയയില്‍ സ്ഥാപിച്ച ബുദ്ധസ്തൂപം, വൈശാലിയിലെ ബുദ്ധസ്തൂപം, എന്നിവ വീണ്ടെടുത്തത് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പര്യവേക്ഷണത്തിലാണ്. ഞാന്‍ ഭാരതീയന്‍ എന്ന അദ്ദേഹത്തിന്‍റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനദ്ധയ്ക്ക് പത്മശ്രീ പുരസ്കാരമാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന ശിവഗിരി മഠത്തിന്‍റെ നായകനായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ആത്മീയമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പത്മശ്രീ പുരസ്കാരം നല്‍കിയിരിക്കുന്നത്. 

മൊത്തം 94 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരം നല്‍കിയിരിക്കുന്നത് 14 പേര്‍ക്ക് പത്മഭൂഷണും നല്‍കിയപ്പോള്‍ സംഗീതജ്ഞന്‍ ടീജന്‍ ഭായി, വിദേശിയായ ഇസ്മയില്‍ ഒമര്‍ ഗുല്ലേല (ജിബൂട്ടി), വ്യവസായിയായ അനില്‍കുമാര്‍ മണിഭായ് നായിക്, നടന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദേര്‍ എന്നിവര്‍ക്ക് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ നല്‍കി. സിനിമാ താരങ്ങളായ മനോജ് ബാജ്പേയ്, പ്രഭുദേവ, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗൗഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഡ്രം മാന്ത്രികന്‍ ശിവമണി എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. 

Follow Us:
Download App:
  • android
  • ios