പണം വാങ്ങി വാടകക്ക് ഗര്‍ഭം ധരിക്കുന്നത് രാജ്യത്ത് സര്‍വ്വ സാധാരണമായതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി ഉയര്‍ന്നുവന്ന സാമൂഹികപ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പലപ്പോഴും പെണ്‍കുട്ടി ജനിച്ചാല്‍ കുട്ടികളെ ഉപേക്ഷിക്കുകയും ആരോഗ്യ പ്രശ്നങ്ങളുള്ള നവജാത ശിശുക്കളെ ഗര്‍ഭംധരിച്ച സ്‌ത്രീയുടെ മേല്‍ ഏല്‍പിച്ച് ദമ്പതികള്‍ കടന്ന് കളയുകയും ചെയ്യുന്ന പ്രവണതകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. പണം വാങ്ങിയുള്ള ഗര്‍ഭധാരണം പൂര്‍ണ്ണമായും നിരോധിക്കും. ഇനി മുതല്‍ ദമ്പതികളുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാകും നിയമപരമായി ഗര്‍ഭവാഹനത്തിനുള്ള അവകാശം. പ്രശസ്തരായ പലരും ഗര്‍ഭം ധരിക്കാന്‍ മടിച്ച് പണം നല്‍കി ആളെ നിയോഗിച്ചത് ഈ പ്രവൃത്തിയുടെ മഹത്വം നഷ്‌ടപ്പെടുത്തിയെന്നും സുഷമ സ്വരാജ് കുറ്റപ്പെടുത്തി.
ഇനി മുതല്‍ ഒരു കുട്ടിയുള്ള മാതാപിതാക്കള്‍ക്ക് രണ്ടാമത്തെ കുട്ടിക്കായി മറ്റൊരു സ്‌ത്രീയെ ആശ്രയിക്കാന്‍ അവകാശം ഉണ്ടാകില്ല. ഭര്‍ത്താവിന് 26 വയസ്സും ഭാര്യക്കും 23 വയസ്സും കഴിഞ്ഞിരിക്കണം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമെ മറ്റൊരു സ്‌ത്രീയെ ഗര്‍ഭം വഹിക്കാന്‍ ആശ്രയിക്കാന്‍ കഴിയു. നിയമം തെറ്റിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ഏര്‍പ്പെടുത്തും. നിയമപരമല്ലാത്ത ക്ലിനിക്കുകള്‍ പൂട്ടും. ഇത് നിരീക്ഷിക്കുന്നതിനായി ദേശീയ, സംസ്ഥാന തലങ്ങളില്‍ ആരോഗ്യമന്ത്രി അദ്ധ്യക്ഷനായി സമിതിയുണ്ടാകും. ഭാവിയില്‍ കുട്ടിയെ ചൊല്ലിയുള്ള അവകാശ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറാകുന്ന ബന്ധുവുമായി ദമ്പതികള്‍ കരാറുണ്ടാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
