പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി യൂനിസെഫ് പാകിസ്ഥാനില്‍ നടത്തിയ കാമ്പയിനിന്റെ ചിത്രമാണ് നോട്ട് ബുക്കുകളില്‍ അച്ചടിച്ചിരിക്കുന്നത്.

പാറ്റ്ന: സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിഹാര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ട് ബുക്കില്‍ പാകിസ്ഥാനി പെണ്‍കുട്ടിയുടെ ചിത്രം നല്‍കിയത് വിവാദമാകുന്നു. ജമുയി ജില്ലയില്‍ സ്വച്ഛ് ജമൂയി സ്വസ്ഥ് ജമൂയി എന്ന് പേരിട്ട് നടപ്പാക്കുന്ന പദ്ധതിക്കായാണ് ജില്ലാ ഭരണകൂടം നോട്ട് ബുക്കുകള്‍ പുറത്തിറക്കിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി യൂനിസെഫ് പാകിസ്ഥാനില്‍ നടത്തിയ കാമ്പയിനിന്റെ ചിത്രമാണ് നോട്ട് ബുക്കുകളില്‍ അച്ചടിച്ചിരിക്കുന്നത്. കസേരയില്‍ ഇരിക്കുന്ന പെണ്‍കുട്ടി നോട്ട് ബുക്കില്‍ പാകിസ്ഥാന്‍ പതാക വരയ്‌ക്കുന്ന ചിത്രമാണിത്. കവര്‍ പേജില്‍ ഈ ചിത്രവും സ്വച്ഛ് ഭാരത് സന്ദേശവും പ്രിന്റ് ചെയ്ത 5000 നോട്ട് ബുക്കുകളാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയത്. ചിത്രം വിവാദമായതോടെ പരസ്‌പരം പഴിചാരുകയാണ് അധികൃതര്‍. ചിത്രം എങ്ങനെ വന്നെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് ജമുയി ജില്ലാ മജിസ്‍ട്രേറ്റ് ധര്‍മ്മേന്ദ്ര കുമാര്‍ അറിയിച്ചത്.

ജില്ലിയിലെ വിവിധ സ്കൂളുകളില്‍ പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. നോട്ട് ബുക്കിന് പുറമെ കുട്ടികള്‍ക്കായി ശുചിത്വ പാഠങ്ങള്‍ വിവരിക്കുന്ന കൈപ്പുസ്തകവും പ്രിന്റ് ചെയ്തിട്ടുണ്ട്. ജില്ലാ ജല, ശുചിത്വ കമ്മിറ്റിയാണ് പുസത്കം പുറത്തിറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പാറ്റ്നയിലെ സുപ്രവ് എന്ന പ്രസിലായിരുന്നു അച്ചടി. ഇത്തരമൊരു ചിത്രം പുസ്തകത്തില്‍ ചേര്‍ക്കാന്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ച ശേഷമാണ് പുസ്തകം അച്ചടിച്ചതെന്ന് പ്രസ് അധികൃതരും പറയുന്നു. നേരത്തെയുണ്ടായിരുന്ന ജില്ലാ മജിസ്‍ട്രേറ്റ് ഡോ. കൗശല്‍ കിശോറാണ് അംഗീകാരം നല്‍കിയതെന്നും അധികൃതര്‍ പറയുന്നു. ഉചിതമായ നടപടിയെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.