ലാഹോര്‍: പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാകിസ്ഥാന്‍ സുപ്രീംകോടതി സംയുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഷരീഫും രണ്ടുമക്കളും അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവണം.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെകെ എന്ന സ്ഥാപനം വഴി ഷെരീഫിന്‍റെ മക്കള്‍ കള്ളപ്പണം വെളുപ്പിച്ചന്നും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നുമാണ് ആരോപണം. ഇക്കാര്യത്തില്‍ നവാസ് ഷെരീഫ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് പാകിസ്ഥാന്‍ പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണറിപ്പോര്‍ട്ട് പരിഗണിക്കവേയാണ് പാക് സുപ്രീംകോടതി ഒരു അന്വേഷണത്തിന് കൂടി ഉത്തരവിട്ടത്. പാനമഗേറ്റാണ് ഇടപാടുകളുടെ രേഖകള്‍ പുറത്തുകൊണ്ടുവന്നത്.