ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. അര്‍നിയ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ ഏഴിനും ഏഴരയ്ക്കും ഇടക്കായിരുന്നു വെടിവയ്പ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 

അര്‍നിയയില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. അതിനിടെ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും പാകിസ്താന്‍ കേന്ദ്രമായുള്ള ഭീകരസംഘടനകള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി

അര്‍നിയ മേഖലയില്‍ രാവിലെ ഏഴിനാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ ബിഎസ്എഫിനുനേരെ വെടിവച്ചത്. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ അരമണിക്കൂര്‍ നീണ്ടു. ഒരു ആഴ്ച്ചയില്‍ നാലാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്നലെ നവ്‌ഷേരയില്‍ പാകിസ്താന്‍ സേന ജനവാസമുള്ള മേഖലയില്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ മരിച്ചിരുന്നു.

 ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും പാകിസ്താന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഡാനിയേല്‍ കോട്ട്‌സ് മുന്നറിയിപ്പ് നല്‍കി. സെനറ്റിലെ രഹസ്യാന്വേഷണത്തിന്റെ ചുമതലയുടെ സമിതി അംഗങ്ങളെയാണ് കോട്ട്‌സ് ഇക്കാര്യം അറിയിച്ചത്. ഭീകരരെ സഹായിക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും കോട്‌സ് വിമര്‍ശിച്ചു. 

പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തേയും പാത്താന്‍കോട്ട് ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങിലും കോട്‌സ് അതൃപ്തി അറിയിച്ചു. ഇന്ത്യ അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചൈനയോട് അടുക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും കോട്‌സ് പറഞ്ഞു