ഇസ്ലാമാബാദ്: ലാഹോറിലും പഞ്ചാബ് പ്രവിശ്യയിലും നേരിടുന്ന പുകശല്യത്തിന് പിന്നില്‍ ഇന്ത്യക്കാരെന്ന് പാകിസ്ഥാന്‍. വെറുതെ ആരോപിക്കുകയല്ല നാസയുടെ റിപ്പോര്‍ട്ടുകളുടെ പിന്‍ബലമുണ്ടെന്നാണ് പാകിസ്ഥാന്‍ വാദം. പാകിസ്ഥാനില്‍ രണ്ടാഴ്ചയിലേറെയായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കനത്ത പുകശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഹരിയാനയിലും പഞ്ചാബ് അതിര്‍ത്തി ഗ്രാമങ്ങളിലും വ്യാപകമായ രീതിയില്‍ കച്ചിക്ക് തീയിടുന്നതാണ് ഇതിന് കാരണമെന്നാണ് പാക് വാദം. ലാഹോര്‍ മേഖലയില്‍ കാഴ്ചയെ മറക്കുന്ന രീതിയില്‍ പുകശല്യം രൂക്ഷമായതും ആളുകളുടെ ജീവന്‍ അപകടത്തിലായതുമാണ് പഠനം നടത്താന്‍ കാരണമെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. പുകശല്യം ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സമീപകാലത്ത് വായുമലിനീകരണവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ മരിച്ചതായും പാകിസ്ഥാന്‍ ആരോപിച്ചു.

ദീപാവലി സമയത്ത് ദില്ലി നഗരത്തിലും സ്മോഗ് രൂപപ്പെട്ടിരുന്നു. വ്യാപകമായ രീതിയില്‍ പടക്കം ഉപയോഗിച്ചതിന്റെ ഫലമായിരുന്നു ദില്ലിയില്‍ അനുഭവപ്പെട്ട കനത്ത സ്മോഗിന് പിന്നിലെ കാരണം.