പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. പാകിസ്ഥാന്റെ തിരിച്ചടി ഇന്ത്യയിലെ വരും തലമുറയും ഓര്‍ത്തിരിക്കുമെന്ന് പാക് വ്യോമസേന മേധാവി സൊഹൈല്‍ അമാന്‍ പറഞ്ഞു. സിയാച്ചിന്‍ മലമുകളിലൂടെ പാകിസ്ഥാന്‍ ഇന്ന് യുദ്ധവിമാനം പറത്തി.

സിയാച്ചിന്‍ മഞ്ഞ് മലകള്‍ക്ക് മുകളിലൂടെ പാക് ജെറ്റ് യുദ്ധ വിമാനം മിറാജ് നിരവധി തവണയാണ് ഇന്ന് പറന്നത്. അതിര്‍ത്തിക്കപ്പുറം സേന നീക്കം പാകിസ്ഥാന്‍ ശക്തമാക്കിയതായി പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ വ്യോമസേനാ താവളങ്ങള്‍ സന്ദര്‍ശിച്ച പാകിസ്ഥാന്‍ വ്യോമസേന മേധാവി സൊഹൈല്‍ അമാന്‍, പാകിസ്ഥാന്റെ തിരിച്ചടി ഇന്ത്യയുടെ വരും തലമുറയും ഓര്‍ത്തിരിക്കുന്ന തരത്തിലായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പാക് അതിര്‍ത്തിയിലാണ് യുദ്ധവിമാനം പരിശീലനപ്പറക്കല്‍ നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. നൗഷേരയിലെ ഇന്ത്യയുടെ പ്രത്യാക്രമണം വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പാകിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.