ശ്രീനഗര്‍: ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്ന അവകാശവാദവുമായി വീണ്ടും പാകിസ്ഥാന്‍. സൈനിക പോസ്റ്റുകള്‍ ആക്രമിക്കുന്നതെന്ന പേരില്‍ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പുറത്തുവിട്ടു. അതിനിടെ ജമ്മുകശ്മീരിലെ വിഘടനവാദികളുടെ വീടുകളില്‍ എന്‍ഐഎ ഇന്നും റെയ്ഡ് നടത്തി.

നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് തിരിച്ചടിയായി അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ 27 സെക്കന്‍ഡുള്ള ദൃശ്യം പുറത്തുവിട്ടത്. നിയന്ത്രണരേഖയില്‍ കൃഷ്ണഘാട്ടി ടാറ്റ പാനി മേഖലയില്‍ ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട് പാക്ക് സൈനിക വക്താവ് മേജന്‍ ജനറല്‍ അസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ദൃശ്യം പുറത്തുവിട്ടത്.

മുന്‍പും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. ഇത് എഡിറ്റ് ചെയ്ത യൂട്യൂബ് ദൃശ്യങ്ങളാണെന്ന് തെളിഞ്ഞതോടെ പാകിസ്ഥാന്റെ അവകാശവാദം പൊളിയുകയായിരുന്നു. അതിനിടെ ജമ്മുകശ്മീരില്‍ ഇന്നും വിഘടനവാദികളുടേയും സഹായികളുടേയും വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ റെയ്ഡ് നടത്തി. 

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ധനസഹായം കിട്ടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീനഗറില്‍ മൂന്നും ജമ്മുവില്‍ ഒരു കേന്ദ്രത്തിലും പരിശോധന നടത്തിയത്. ഹൂറിയത് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ സഹായിയുടെയും വക്താവ് അയാസ് അക്ബറിന്റേയും വീടുകളില്‍ പരിശോധന നടത്തി. ഇന്നലെ 22 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ടരക്കോടി രൂപയും ഭീകരവാദം പ്രചരിപ്പിക്കുന്ന കത്തുകളും പിടിച്ചെടുത്തിരുന്നു. അനന്ത് നാഗില്‍ ഭീകരാക്രമണത്തില്‍ മരിച്ച സൈനികര്‍ക്ക് കരസേന ആദരാഞ്ജലി അര്‍പ്പിച്ചു.