ജനീവ: ന്യൂനപക്ഷങ്ങളെക്കുറിച്ച് പാകിസ്ഥാന്‍ ക്ലാസ് എടുത്ത് തരേണ്ടെന്ന് ഇന്ത്യയുടെ മറുപടി. ജനീവയില്‍ നടക്കുന്ന യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യയുടെ ശക്തമായ മറുപടി. നേരത്തെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത അവഗണനയും പീഡനവും നേരിടുന്നതായി പാകിസ്ഥാന്‍ പ്രതിനിധി ആരോപിച്ചിരുന്നു. ഇതിന് ശക്തമായ ഭാഷയിലായിരുന്നു ഇന്ത്യയുടെ മറുപടി. ലോകത്തെ ഭീകരവാദ ഉല്‍പാദനകേന്ദ്രമാണ് പാകിസ്ഥാന്‍. സ്വന്തം ജനങ്ങളില്‍ ഹിന്ദു, ക്രൈസ്‌തവ, ഷിയാസ് തുടങ്ങിയ അവിടുത്തെ ന്യൂനപക്ഷങ്ങളായ മതങ്ങളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് പാക് സര്‍ക്കാര്‍ പഠിപ്പിച്ചുവെച്ചിരിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ന്യൂനപക്ഷങ്ങളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി, മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാര്‍, ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ എന്നീ നിലകളിലെത്തിയിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാനപ്പെട്ട ഏതെങ്കിലും സ്ഥാനത്ത് എത്താനായിട്ടുണ്ടോയെന്ന് തെളിയിക്കാമോയെന്നും ഇന്ത്യ ചോദിച്ചു.