ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ മാസം 11ന് പാക് ജയിലില്‍ മരിച്ച കൃപാല്‍ സിംഗിന്റെ മൃതദ്ദേഹം പാകിസ്ഥാന്‍, ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയില്‍ വച്ച് അധികൃതര്‍ ഏറ്റുവാങ്ങിയ മൃതദ്ദേഹം കണ്ട ബന്ധുക്കള്‍ കൃപാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.
ശരീരത്തില്‍ ആകെ മുറിവിന്റെ പാടുകളും ചോരക്കറയുമാണെന്ന് കൃപാല്‍ സിംഗിന്റെ മരുമകന്‍ ആരോപിച്ചു. അമൃത്സറിലെ ആശുപത്രിയില്‍ വച്ച് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അശോക് ചാവ്‍ല കൃപാലിന്റെ മൃതദ്ദേഹത്തില്‍ മുറിവുകളില്ലെന്ന് വ്യക്തമാക്കി. നേരത്തെ പാകിസ്ഥാനില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനാല്‍ ചില അവയവങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാസപരിശോധനാ ഫലവും പാകിസ്ഥാനില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും പരിശോധിച്ചതിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഹൃദയാഘാതം മൂലമാണ് കൃപാല്‍ മരിച്ചതെന്നാണ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. കൃപാല്‍ സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തി ആവശ്യപ്പെട്ടിരുന്നു. വാഗ അതിര്‍ത്തി കടന്നെത്തിയ ചാരനാണെന്ന് ആരോപിച്ചാണ് കൃപാല്‍ സിംഗിനെ 1992ല്‍ പാക് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
