ദില്ലി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും, അമ്മയ്ക്കും പാക്കിസ്ഥാന്‍ വീസ അനുവദിച്ചു. വീസ അനുവദിച്ച വിവരം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

വീസ അപേക്ഷ ലഭിച്ചതായും, തുടര്‍ നടപടികള്‍ നടന്നു വരികയാണെന്നും പാക്കിസ്ഥാന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. മനുഷത്വപരം എന്ന നിലയിലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെയും, ഭാര്യയുടെയും വീസയ്ക്കുള്ള അപേക്ഷ പരിഗണിച്ചതെന്ന് പാക്ക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ പറഞ്ഞു. 

ഈ മാസം 25 നു കൂടിക്കാഴ്ച അനുവദിക്കാമെന്ന് പാക്ക് വദേശകാര്യ മന്ത്രാലയം കഴിഞ്ഞ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഭാര്യയ്ക്കും, അമ്മയ്ക്കുമൊപ്പം ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഭാര്യയ്ക്കും, അമ്മയ്ക്കും വീസ നല്‍കാന്‍ ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു