Asianet News MalayalamAsianet News Malayalam

കശ്മീര്‍ സംഘര്‍ഷം: പാക്കിസ്ഥാന്‍റെ സൈബര്‍ നിഴല്‍ യുദ്ധമെന്ന് സൂചന

Pakistan may be waging proxy war in cyberspace
Author
First Published Jul 18, 2016, 8:27 PM IST

ന്യൂഡല്‍ഹി: കശ്മീരില്‍ തുടരുന്ന സംഘര്‍ഷം പാക്കിസ്ഥാന്‍ ആസൂത്രണം ചെയ്ത സൈബര്‍ യുദ്ധമാണെന്ന് സൂചനകള്‍. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലെ ആഹ്വാനങ്ങളാണ് സംഘര്‍ഷത്തിന് ശക്തി പകര്‍ന്നത്.

വാനി കൊല്ലപ്പെട്ടതിനു തൊട്ടു പിന്നാലെ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങളും ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ബുര്‍ഹാന്‍ വാനി, പാക്കിസ്ഥാന്‍ സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍, കഷ്മീര്‍ അണ്‍റെസ്റ്റ് തുടങ്ങിയ ഹാഷ് ടാഗുകള്‍ വൈറലായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം ആഹ്വാനങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഈ സന്ദേശങ്ങളില്‍ ഭൂരിഭാഗവും അ‍ജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ളവയായിരുന്നു എന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലൊക്കേഷന്‍ ഓഫ് ചെയ്ത ശേഷമാണ് ട്വീറ്റുകളും മറ്റും പോസ്റ്റ് ചെയ്തതെന്നാണ് വിവരം.

ജൂലൈ 8നാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടിലില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്. തുടര്‍ന്നു ജൂലൈ 8 മുതല്‍ 14 വരെയുള്ള ട്വിറ്റര്‍, ഫേസ്ബുക്ക് അനലൈസിങ്ങില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം ശേഖരിച്ച 1.26 ലക്ഷം ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളിലും 54,285 എണ്ണവും തിരിച്ചറിയപ്പെടാത്ത കേന്ദ്രങ്ങളില്‍ നിന്നായിരുന്നു. ആകെ ശേഖരിച്ച മാതൃകകളുടെ 45 ശതമാനം വരുമിത്.  തിരിച്ചറിഞ്ഞവയില്‍ 49, 159 എണ്ണം ഇന്ത്യയ്ക്ക് അകത്തു നിന്നും 10,110 എണ്ണം പാക്കിസ്ഥാനില്‍ നിന്നുമാണ്.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. പ്രകോപനപരമായ ട്വീറ്റുകളും കമന്‍റുകളും പോസ്റ്റ് ചെയ്ത അക്കൗണ്ടുകളെല്ലാം ലൊക്കേഷന്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. പിന്നീട് ഇവ നിശബ്ദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടന്‍, യുഎഇ, ആസ്ത്രേലിയ, കാനഡ, സൗദി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ട്വീറ്റുകളും പ്രതികരണങ്ങളും തിരിച്ചറിഞ്ഞവയില്‍ പെടും.

 

Follow Us:
Download App:
  • android
  • ios