ഇസ്‌ലാമാബാദ്: പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്ന ഭാര്യയെ വെടിവച്ച് കൊന്ന പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മന്ത്രിയുമായ മിര്‍ ഹസാര്‍ ഖാന്‍ ബിജാരണി(71) ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ മന്ത്രിയായ ഇദ്ദേഹത്തിനെയും ഭാര്യ ഫാരിഹ റസാക്കിനെയും സ്വവസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് കണ്ടെത്തിയത്. പാകിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി അംഗമായ ബിജാരണി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ വ്യാഴായ്ചയാണ് ബജ്‌രാണിയുടെയും ഭാര്യയുടെയും മൃതദേഹം വീട്ടില്‍ കാണപ്പെട്ടത്. ഇവരെ ആരെങ്കിലും വെടിവച്ച് കൊന്നതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കും വെടിയേറ്റത് ഒരേ ആയുധത്തില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞത്. മന്ത്രിയുടെ വസതി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ ചിത്രങ്ങളും വിരലടയാളവും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും സംഭവത്തിന് പിന്നില്‍ ദുരൂഹത കണ്ടെത്തുന്ന മറ്റൊരു തെളിവും കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി.