ദില്ലി: മുംബൈ ഭീകരാക്രമത്തിലെ സൂത്രധാരൻ ഹാഫിസ് സയീദുമായി വേദി പങ്കിട്ട പാകിസ്ഥാനിലെ പലസ്തീൻ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. പാകിസ്ഥാനിലെ പലസ്തീൻ സ്ഥാനപതി വാലിദ് അബു അലിയെയാണ് പാലസ്തീന്‍ തിരികെ വിളിച്ചത്.
ഇന്ത്യ പ്രതിഷേധം അറിയിച്ചതോടെ സംഭവത്തില്‍ പലസ്തീൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങൾ നടത്തുന്നവരുമായി ബന്ധമുണ്ടാക്കില്ലെന്ന് പലസ്തീൻ ഇന്ത്യയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തു.
ലഷ്കറെ ത്വൈബ തലവനും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായി റാവൽപിണ്ടിയിലാണ് പാകിസ്ഥാനിലെ പലസ്തീൻ സ്ഥാനപതി വാലിദ് അബു അലി വേദി പങ്കിട്ടത്.
ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന 40ലധികം രാഷ്ട്രീയപ്പാര്‍ട്ടികളുടേയും മതസംഘടനകളുടേയും കൂട്ടായ്മയായ ദിഫ ഇ പാകിസ്ഥാൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും ഒരുമിച്ചത്. ഇസ്രായേൽ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയ അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖക്വാൻ അബ്ബാസി ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.
ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതിയേയും പലസ്തീനേയും വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പലസ്തീൻ ഖേദം പ്രകടിപ്പിച്ചത്. വിഷയം ഗൗരവത്തിലെടുക്കുന്നു. ഇന്ത്യയുമായ മൂല്യമേറിയ ബന്ധമാണുള്ളതെന്നും പലസ്തീൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.
ഫെബ്രുവരിൽ യുഎഇ സന്ദര്‍ശനത്തിനൊപ്പം പലസ്തീനിലെത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നത്. ജനുവരി 14 മുതല്‍ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം നടത്തും. മുംബൈ ഭീകരാക്രമണക്കേസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇസ്രായേൽ ബാലൻ മൊഷെയും നെതന്യാഹുവിനൊപ്പം ഉണ്ടാകും.
