ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി പാക്കിസ്ഥാന്‍ വീണ്ടും ഐക്യരാഷ്ട്രസഭയില്‍. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്‌ളീങ്ങളുടെ രക്തക്കറയുണ്ടെന്നും പാക് പ്രതിനിധി മലീഹ ലോധി ആരോപിച്ചു. അതേസമയം ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ത്തി ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിക്കാട്ടിയ ചിത്രങ്ങള്‍ ഗാസയിലേതാണെന്ന് വ്യക്തമായി.

തീവ്രവാദം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും ഇന്ത്യ വികനസത്തിലേക്ക് പോയപ്പോള്‍ പാക്കിസ്ഥാന്‍ വളര്‍ത്തിയത് തീവ്രവാദികളെയാണെന്നും ഐക്യരാഷ്ട്രസഭയുടെ എഴുപത്തിരണ്ടാം പൊതുസമ്മേളനത്തില്‍ ഇന്നലെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയുമാണ് ഇന്ന് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. ദക്ഷിണേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് കുല്‍ഭൂഷന്‍ ജാതവിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായെന്ന് ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധി ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. തര്‍ക്കഭൂമിയായ കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ഏകപക്ഷീയ തീരുമാനം എടുക്കാനാകില്ലെന്നും പാക് പ്രതിനിധി പറഞ്ഞു.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സ്ഥാപിക്കാന്‍ യുഎന്നില്‍ പാക്കിസ്ഥാന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യാജമാണെന്ന് ഇതിനിടെ തെളിഞ്ഞു. ഗാസയില്‍ 2014ല്‍ നടന്ന ആഭ്യന്തര കലാപത്തില്‍ പരിക്കേറ്റവരുടെ ദൃശ്യങ്ങളാണ് കശ്മീരിലേതെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ ഹാജരാക്കിയത്. തീവ്രവാദത്തോടുള്ള പാക് സമീപനം അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ ചര്‍ച്ചയായത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീവ്രവാദ ആരോപണം ഇന്ത്യക്കെതിരെ ഉയര്‍ത്തി പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം.