കറാച്ചിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നേരത്തെ പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 33,000 അടിക്ക് മുകളില്‍ വിമാനങ്ങള്‍ പറക്കാന്‍ പാടില്ലെന്നുള്ള നിയന്ത്രണം ഇപ്പോള്‍ ലാഹോറിന് മുകളിലും ബാധകമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ പാക് യുദ്ധവിമാനങ്ങള്‍ക്ക് മറ്റ് തടസ്സങ്ങളുണ്ടാവാതിരിക്കാനോ വേണ്ടിയാവാം പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സഹാചര്യത്തില്‍ ഇന്ത്യയിലെ വ്യോമസേനാ താവളങ്ങള്‍ക്കും ജാഗ്രാതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ചടിക്കാന്‍ പാകത്തില്‍ തയ്യാറായിരിക്കാനാണ് വ്യോമസേനക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്നലെ കശ്മീരിലെത്തിയ കരസേനാ മേധാവി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ഇന്നും തുടരുകയാണ്. ഇന്നലെ ചില ഗ്രാമവാസികള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാവാതെ വന്നതോടെ ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതയടക്കം വിച്ഛേദിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഏത് തരത്തിലുള്ള നീക്കം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇപ്പോഴും ഇന്ത്യക്ക് വ്യക്തമല്ല. അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നേടുന്നതിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് വിവിധ രാജ്യങ്ങളിലേക്ക് ദൂതന്‍മാരെ അയക്കുകയാണ്. ഏത് തരത്തിലുമുള്ള തിരിച്ചടി നല്‍കാനും സേന സദാ സന്നദ്ധമായിരിക്കുകയാണ്.
