കുൽഭൂഷൺ യാദവിനെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ പോലും അനുമതി നൽകാതെ തടവിൽ വച്ചിരിക്കുന്നത് വിയന്ന കൺവെൻഷന് വിരുദ്ധമാണെന്ന് ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിൽ.
ഹേഗ്, നെതർലൻഡ്‍സ്: ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അനധികൃതമായി തടവിൽ വച്ചിരിക്കുകയാണെന്നും കോൺസുലേറ്റിന്‍റെ സഹായം പോലും നൽകാൻ അനുവദിക്കാതെ പാക് കോടതിയിൽ വിചാരണ നടത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു.
കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അനധികൃതമായി തടവിൽ വച്ചതിനെതിരെ ഇന്ത്യയാണ് ഹേഗിലെ നെതർലൻഡ്‍സിലുള്ള അന്താരാഷ്ട്രനീതിന്യായ കോടതിയിൽ ഹർജി നൽകിയത്. ഇന്ന് മുതൽ നാല് ദിവസം നീളുന്ന കേസിലെ വാദത്തിൽ ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത് പ്രസിദ്ധ അഭിഭാഷകനായ ഹരീഷ് സാൽവെയാണ്.
48-കാരനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ പോലും അനുവദിക്കാതെ ജാദവിനെ ഒരു രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്ക് വാദിക്കാൻ അനുവാദം നൽകാതെ പാകിസ്ഥാനിലെ ഒരു തദ്ദേശകോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജാദവിനെ ചാരവൃത്തി ആരോപിച്ച് തൂക്കിക്കൊല്ലാൻ വിധിച്ചു.
ഇതിനെതിരെയാണ് ഇന്ത്യ രാജ്യാന്തര നീതിന്യായകോടതിയെ സമീപിച്ചത്. കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയതിന് തെളിവുണ്ട്. ജാദവ് ഇന്ത്യൻ ചാരനായിരുന്നു എന്നതിന് തെളിവില്ല. അത്തരം വാദങ്ങൾ പാകിസ്ഥാൻ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമാണ്.
ഇന്ത്യയുടെ ഒരു പൗരനെ പാക് കോടതിയിൽ വിചാരണ ചെയ്യുമ്പോൾ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ഈ പൗരനുമായി ബന്ധപ്പെടാനും നിയമസഹായം ഉറപ്പാക്കാനും ഇന്ത്യക്ക് അവകാശമുണ്ട്. ഇതടക്കം നിഷേധിച്ചാണ് പാകിസ്ഥാൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ഇത് വിയന്ന കൺവെൻഷന്‍റെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇതിനിടെ, കേസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹേഗിലെത്തിയ വിദേശകാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി ദീപക് മിത്തൽ പാകിസ്ഥാൻ അറ്റോർണി ജനറലിന് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച് കൈ കൂപ്പിയത് ഇന്ത്യ പാകിസ്ഥാനോട് സ്വീകരിക്കുന്ന കടുത്ത നിലപാടിന്‍റെ നേർക്കാഴ്ചയായി.
കേസിൽ നാളെയും വാദം തുടരും.
