സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഫോണെടുക്കാന്‍ പാകിസ്ഥാന്‍ ഭയപ്പെട്ടിരുന്നു: മോദി

ലണ്ടന്‍: 2016ല്‍ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഫോണ്‍ കോള്‍ എടുക്കാന്‍ പാകിസ്ഥാന്‍ ഭയപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം വിവരം പാകിസ്ഥാനെ അറിയിക്കാനായി വിളിച്ചിരുന്നു. മാധ്യമങ്ങളോട് കാര്യങ്ങള്‍ വിവരിക്കുന്നതിന് മുമ്പ് അവരെ കാര്യങ്ങള്‍ ധരിപ്പിക്കുകയും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നതായും പ്രധാനമന്ത്രി ലണ്ടനില്‍ പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന് മുമ്പില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കാര്യങ്ങള്‍ പുറത്തുപറയുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിക്കാന്‍ ഞങ്ങള്‍ പാകിസ്ഥാനെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ അവര്‍ ഫോണില്‍ വരാന്‍ ഭയപ്പെട്ടിരുന്നു. പാകിസ്ഥാനെ ആക്രമണ വിവരം അറിയിക്കണമെന്ന് സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. അന്ന് വൈകുന്നേരത്തോടെ ഫോണില്‍ ലഭ്യമായപ്പോള്‍ കാര്യങ്ങള്‍ വിവരിച്ചു നല്‍കിയിട്ടുണ്ട്.

സൈനിക ക്യാംപില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 19 ജവാന്‍മാരെ അവര്‍ കൊന്നുകളഞ്ഞു. ഇത് കണ്ട് വെറുതെ ഇരിക്കാന്‍ നമുക്ക് സാധിക്കുമോ?. നേരിട്ട് യുദ്ധം ചെയ്യാന്‍ പാകിസ്ഥാന് ശക്തിയില്ല. അതുകൊണ്ടു തന്നെയാണ് ഒളിയുദ്ധങ്ങള്‍ നടത്തുന്നതെന്നും സര്‍ജിക്കല്‍ സ്ട്രൈക്ക് തീര്‍ത്തും ആസൂത്രിതമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

2016ലെ ഉറി സൈനിക കാംപ് ആക്രമണത്തിന് പിന്നാലെയാണ് പാക് അധീന കശ്മീരില്‍ രണ്ട് കിലോമീറ്ററോളം അകലെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. ആക്രണത്തില്‍ നിരവധി ഭീകരപരിശീലന കേന്ദ്രങ്ങളും പാക് സൈനിക പോസ്റ്റുകളും തകര്‍ത്തതായി സൈന്യം അറിയിച്ചിരുന്നു.