നാലുദിവസങ്ങൾക്ക് മുമ്പാണ് ബാലൻ പൂഞ്ച് ജില്ലയിലെത്തിയത് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പുതുവസ്ത്രങ്ങളും മധുരപലഹാരങ്ങളും നൽകി ബാലനെ യാത്രയാക്കി
കാശ്മീർ: പാക് അധിനിവേശ കാശ്മീരിന്റെ അതിർത്തി രേഖ കടന്ന് എത്തിയ ബാലനെ ജമ്മു കാശ്മീർ പൊലീസ് പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. പതിനൊന്ന് വയസ്സുകാരനായ മുഹമ്മദ് അബ്ദുള്ള എന്ന പാകിസ്ഥാനി ബാലനാണ് നാല് ദിവസങ്ങൾക്ക് മുമ്പ് അറിയാതെ അതിർത്തി കടന്ന് പൂഞ്ച് ജില്ലയിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടി അപ്രതീക്ഷിതമായി ജമ്മു കാശ്മീരിൽ എത്തിയത്. ചോദ്യം ചെയ്തപ്പോൾ അറിയാതെ എത്തിയതാണെന്ന് ഇന്ത്യൻ സൈന്യത്തിന് മനസ്സിലായി. അപ്പോൾത്തന്നെ പാകിസ്ഥാൻ സൈനിക ആസ്ഥാനത്തേക്ക് കുട്ടി സുരക്ഷിതനാണെന്ന സന്ദേശം നൽകി. അന്നു തന്നെ കുട്ടിയെ ജമ്മു കാശ്മീർ പൊലീസ് ഏറ്റെടുത്തിരുന്നു.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പുതുവസ്ത്രങ്ങളും മധുരപലഹാരങ്ങളും നൽകി ബാലനെ യാത്രയാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തിക്ക് പിന്നിലുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല, ബാലനായ ഒരുവനോട് കാണിക്കുന്ന മാനുഷിക പരിഗണനയും കൂടിയാണിത്. അബ്ദുള്ളയെ തിരികെ സുരക്ഷിതനായി എത്തിക്കുക എന്നത് തങ്ങളുടെ മനുഷ്യത്വത്തിന്റെ പ്രതിഫലനമാണെന്നും ഔദ്യോഗിക വക്താവ് പറയുന്നു. ഇന്ത്യൻ സൈന്യം അവരുടെ മാനവികതയിലും നിഷ്കളങ്കരായ ജനതയോടുള്ള സ്നേഹത്തിലും അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
