തന്നേക്കാള്‍ ഇരട്ടി പ്രായമുള്ളയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച പാക് പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു. ആദ്യ വിവാഹബന്ധം ഒഴിഞ്ഞയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാനായി രംഗത്തെത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തീകൊളുത്തിയത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദെവാല്‍ ഗ്രാമത്തിലുള്ല മരിയ സദാഖത് എന്ന പത്തൊമ്പതുകാരിയാണ് വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് അതിദാരുണമായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മാവനാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പെണ്‍കുട്ടി പഠിപ്പിക്കാന്‍ പോയിരുന്ന സ്‌കൂളിന്റെ ഉടമസ്ഥനും പ്രിന്‍സിപ്പലുമാണ് വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ തന്നേക്കാള്‍ ഇരട്ടിയിലധികം പ്രായമുള്ള ഇയാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. ഇയാളുടെ ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി സ്‌കൂളിലെ ജോലി രാജിവെക്കുകയായിരുന്നു. ഇതിന് രണ്ടുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചശേഷം തീകൊളുത്തി കൊന്നത്. 85 ശതമാനത്തിലധികം പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.