ദില്ലി:  ഇന്ത്യ മുഴുവനുമുള്ള ബിജെപിക്കാര്‍ മോഡിയെ വാനോളം പുകഴ്ത്തുമ്പോള്‍ അപ്രതീക്ഷിതമായി പാകിസ്താനില്‍ നിന്നും മോഡിക്ക് വിലമതിക്കാനാകാത്ത ഒരു ഒരു അഭിനന്ദനം കൂടി . കേവലം 11 വയസ്സ് പ്രായമുള്ള പാകിസ്താന്‍ പെണ്‍കുട്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോഡിക്ക് അഭിനന്ദനം അയച്ചത്. ഇതിനൊപ്പം ഇരുരാജ്യങ്ങളിലെയും ജനഹൃദയങ്ങളെ പിടിച്ചെടുത്ത് അവയെ തമ്മില്‍ അടുപ്പിക്കുന്ന പാലമാകാന്‍ മോഡിക്ക് കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ്. 

പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന കത്തില്‍ അഖീദത്ത് നവീദ് എന്ന പെണ്‍കുട്ടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ''ജനഹൃദയങ്ങള്‍ കീഴടക്കുക എന്നത് മഹത്തായ ജോലിയാണ്. ഒരുപക്ഷേ താങ്കള്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയവായ്പ് ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് യുപി തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. 

കൂടുതല്‍ ഇന്ത്യാക്കാരുടെയും പാകിസ്താനികളുടെയും ഹൃദയവും താങ്കള്‍ക്ക് കീഴടക്കാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളവും സമാധാനപരവുമാക്കുന്നതിനുള്ള ചുവടു വെയ്പ്പുകള്‍ എടുത്താല്‍. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സമാധാനത്തിന്റ ഒരു പാലമാകണം. 

ബുള്ളറ്റുകള്‍ വാങ്ങുന്നില്ലെന്ന് തീരുമാനിക്കുകയും പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്യാം. ഞങ്ങളും തോക്കുകള്‍ വാങ്ങുന്നില്ല. പകരം സാധാരണക്കാര്‍ക്കുള്ള മരുന്നുകളും മറ്റും വാങ്ങാം'' പ്രധാനമന്ത്രിക്കുള്ള കത്തില്‍ അഖ്വീദത്ത് പറഞ്ഞു.