ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അസ്ഥിരതയുണ്ടാക്കുന്നതിന് പാക് ചാര സംഘടന ഐ എസ് ഐ 800 കോടി രൂപ ചെലവഴിച്ചതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി, ആസിയ അന്ത്രാബി എന്നിവര്‍ പണം സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പെട്രോള്‍ ബോംബുകളും കല്ലുകളും ഉപയോഗിച്ച് സൈന്യത്തിന് നേരെ കശ്മീരില്‍ ആക്രമണം നടത്തുന്നവര്‍ക്ക് ഈ പണത്തില്‍ നിന്ന് ഒരു പങ്ക് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ജൂലൈയ്ക്ക് മുമ്പ് തന്നെ കശ്മീരില്‍ കലാപമുണ്ടാക്കാന്‍ പാകിസ്താന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി നുഴഞ്ഞു കയറിയവരിലൂടെയാണ് പ്രധാനമായും പണം കടത്തുന്നത്. പിന്നീട് ഇടനിലക്കാര്‍ മുഖേനയും ഹവാല മാര്‍ഗങ്ങളിലൂടെയും പണം വിഘടനവാദികളില്‍ എത്തി. കശ്മീരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിക്കുമെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബറിന് ശേഷം പണം കൈമാറ്റത്തില്‍ കാര്യമായ കുറവ് സംഭവിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.