അടിയന്തരസാഹചര്യമൊന്നുമുണ്ടായില്ലെങ്കിൽ 24 മണിക്കൂറിനകം ഫലപ്രഖ്യാപനം ഉണ്ടാകും
ലാഹോര്‍: പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് ഈ മാസം 25 ന് നടക്കും. രണ്ട് സഭകളുള്ള പാകിസ്ഥാൻ പാർലമെന്റിൽ അധോസഭയായ ദേശീയ അസംബ്ലിയിലേക്കും നാല് പ്രവിശ്യകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 342 സീറ്റുള്ള ദേശീയഅസംബ്ലിയിൽ 272 സീറ്റിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.
342ൽ 60 സീറ്റ് സ്ത്രീകൾക്കും 10 സീറ്റ് ന്യൂനപക്ഷങ്ങൾക്കുമാണ്. ഭൂരിപക്ഷം കിട്ടാൻ വേണ്ടത് 172 സീറ്റാണ്. 141 സീറ്റുള്ള പഞ്ചാബാണ് നിർണായകമാവുക. അഞ്ച് വർഷമാണ് ദേശീയ അസംബ്ലിയുടെ കാലാവധി.
3459 സ്ഥാനാർത്ഥികളാണ് ദേശീയ അസംബ്ലിയിലേക്ക് മത്സരിക്കുന്നത്. പ്രവിശ്യകളിലേക്ക 8396 പേരും. മൂന്ന് പാർട്ടികളാണ് പ്രധാനമായും മത്സരരംഗത്ത്. നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് എന്ന പിഎംഎല്‍എന്‍, ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന പിപിപി, മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാന്റെ തെഹ്രിഖ് ഇ ഇന്‍സാഫ് എന്നീ പാര്‍ട്ടികളാണ് പ്രതീക്ഷ പങ്കുവയ്ക്കുന്നത്.
അനധികൃതസ്വത്ത് സമ്പാദനത്തിന് ഇപ്പോൾ ജയിലിലായ നവാസ് ഷെരീഫിന്റെ സഹോദരൻ ഷഹ്ബാസ് ഷെരിഫ് ആണ് പിഎംഎല്‍എന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് പാർട്ടിയുടെ ജനപ്രീതി കൂടാൻ കാരണമായിട്ടുണ്ട്. പക്ഷേ സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാൻ ഖാനും തെഹ്രീക് എ ഇൻസാഫും ഷെരീഫിന് ഭീഷണിയായി തൊട്ടുപിന്നിലുണ്ട്. ബേനസീറിന്റെ മകനായ ബിലാവൽ ഭൂട്ടോ നയിക്കുന്ന പിപിപി അഭിപ്രായവോട്ടെടുപ്പുകളിൽ മൂന്നാംസ്ഥാനത്താണ്.
ഇത്തവണ ഭീകരസംഘടനകളും രാഷ്ട്രീയപാർട്ടികൾ രൂപീകരിച്ച് മത്സരരംഗത്തുണ്ട്. മുംബൈ ആക്രമണത്തിന്‍റെ സൂത്രധാരനായ ഹാഫിസ് സയിദ്, ഹർക്കത്തുൾ മുജാഹിദീൻ നേതാവ് ഫസ്ലൂര്‍ റഹ്മാന്‍ , ലഷ്കർ ഇ തയ്ബ ഇവർക്കൊക്കയുണ്ട് സ്ഥാനാർത്ഥികൾ.ഫസ്ലൂര്‍ റഹ്മാന്‍, ഇമ്രാൻ ഖാനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. പക്ഷേ ഇവരൊന്നും നിർണായകശക്തിയാകുമെന്ന് പ്രവചനമില്ല.
പ്രാദേശികതെരഞ്ഞെടുപ്പ് ഫലങ്ങളും സർക്കാർ രൂപീകരണത്തിൽ സ്വാധീനം ചെലുത്തിയേക്കും. പോളിംഗ് അവസാനിക്കുപ്പോൾ തന്നെ വോട്ടെണ്ണൽ തുടങ്ങും. അടിയന്തരസാഹചര്യമൊന്നുമുണ്ടായില്ലെങ്കിൽ 24 മണിക്കൂറിനകം ഫലപ്രഖ്യാപനം ഉണ്ടാകും.
