ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പിന്നീട് നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മോഹന്‍ ഭാഗവത് അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും. ഇതിന് പുറമേ സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്കൂളിലെത്തി പതാക ഉയര്‍ത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് ലംഘിച്ചാണ് മോഹന്‍ ഭാഗവത് കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ പതാക ഉയര്‍ത്തിയത്. 

എന്നാല്‍ സ്കൂള്‍ ഒരു സൊസൈറ്റിയുടെ കീഴിലാണെന്നും സ്കൂളില്‍ ആര് പതാക ഉയര്‍ത്തണമെന്ന് തീരുമാനിക്കുന്നത് സൊസൈറ്റിയാണെന്നുമായിരുന്നു ആര്‍.എസ്.എസ് നേതാക്കളുടെ പ്രതികരണം. കളക്ടര്‍ ഇത് സംബന്ധിച്ച് ആര്‍ക്കും അറിയിപ്പ് നല്‍കിയിട്ടില്ലെന്നും മാനേജ്മെന്റ് വിളിച്ചുവരുത്തിയതിനാല്‍ പിന്നെ ഇക്കാര്യത്തില്‍ കളക്ടര്‍ക്കോ സംസ്ഥാന സര്‍ക്കാറിനോ ഇടപെടാന്‍ അവകാശമില്ലെന്നുമൊക്കെയാണ് ആര്‍.എസ്.എസ് നേതാക്കളുടെ പ്രതികരണം.

രാവിലെ ഒന്‍പത് മണിയോടെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. സ്കൂളില്‍ പതാക ഉയര്‍ത്താന്‍ മോഹന്‍ ഭാഗവതിനെ അനുവദിക്കരുതെന്നും പകരം സ്കൂളിലെ പ്രിന്‍സിപ്പലോ മറ്റ് ജനപ്രതിനിധികളോ പതാക ഉയര്‍ത്തണമെന്നുമായിരുന്നു കളക്ടറുടെ ഉത്തരവ്.