പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

First Published 4, Mar 2018, 11:05 PM IST
palakkad dyfi attacked
Highlights
  • ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍
  • പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ കയറിയാണ് ആക്രമണം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പാർട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിൽ കയറിയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രെഷറർ ഷകീർ, മേഖല സെക്രട്ടറി രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്.

മംഗലം ഡാം പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്ന ഇരുവരെയും ഓഫീസിനുള്ളിൽ കടന്ന് സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈകൾക്കും കാലകൾക്കും ആഴത്തിലാണ് വെട്ട്.  ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് , ബിജെപി പ്രവർത്തകരാണെന്ന് സിപിഎം മ്മിന്‍റെ ആരോപണം.

ത്രിപുര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി വടക്കഞ്ചേരി ടൗണില്‍ ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ പ്രകടനം ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ ചിലര്‍ അലങ്കോലം ആക്കാന്‍ ശ്രമിച്ചതിന് പിന്നാലെ അടിപിടിയിലേക്ക് എത്തിയിരുന്നു. വെട്ടേറ്റ ഡിവൈഎഫ്ഐ പ്രവർത്തകർ ഇതിൽ ഉൾപ്പെട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഈ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് പാർട്ടി ഓഫീസിൽ കയറി ആർഎസ്എസ് പ്രവർത്തകർ വെട്ടിയത് എന്നാണ് സൂചന. മംഗലം ഡാം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന.

 

loader