പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജില്‍ അധ്യാപകരുടെ കുറവ് 45ശതമാനത്തിനും മുകളില്‍ 66 ഒഴിവുകളുണ്ടെന്ന് ആരോഗ്യ സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ പരിശീലനത്തിനടക്കം വലിയ പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് എസ് സി എസ് ടി വകുപ്പിന് കീഴില്‍ നിയമനങ്ങളില്‍ സുതാര്യതയില്ലെന്ന് ആക്ഷേപം വിജിലന്‍സ് പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തി

അധ്യാപകരുടെ വലിയതോതിലുള്ള കുറവും ക്ലിനിക്കല്‍ പരിശീലനത്തിനുള്ള സൗകര്യം മെഡിക്കല്‍ കോളജിലില്ലാത്തതുമാണ് പാലക്കാട് മെഡിക്കല്‍ കോളജ് നേരിടുന്ന പ്രശ്നങ്ങള്‍. ആരോഗ്യ സര്‍വകലാശാലയുടെ പരിശോധനയില്‍ അപര്യാപ്തതകള്‍ അക്കമിട്ടുനിരത്തുന്പോ‍ഴും പരിഹാരം കാണാന്‍ ശ്രമമില്ല . എസ്.സി എസ്.ടി വകുപ്പിന് കീ‍ഴിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് .

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരേ ഒരു മെഡിക്കല്‍ കോളജാണ് പാലക്കാട് മെഡിക്കല്‍ കോളജ്. മൂന്നാം ബാച്ച് പ്രവേശനത്തിന് ഒരുങ്ങുമ്പോള്‍ പക്ഷേ പാലക്കാട് മെഡിക്കല്‍ കോളജും അപര്യാപ്തതകളില്‍ നിന്ന് മുക്തമല്ല.

സ്വന്തമായി ആശുപത്രിയില്ലാത്ത മെഡിക്കല്‍ കോളജ്. ക്ലാസ്മുറികളുടെ അപര്യാപ്തതയും ക്ലിനിക്കല്‍ പരിശീലനത്തിനുള്ള പോരായ്മയും അധ്യാപകരുടെ വലിയ തോതിലുള്ള കുറവും പഠനത്തെ ബാധിക്കുന്നുണ്ട്. വിവിധ വകുപ്പുകളിലായി 66 അധ്യാപകരുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ക്ലിനിക്കല്‍ പരിശീലനത്തിനാശ്രയം പാലക്കാട് ജനറല്‍ ആശുപത്രി. 

എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയ തിയറ്റര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി പഠനത്തിന് അത്രകണ്ട് ഉപകാരപ്പെടുന്നില്ല . ആരോഗ്യ സര്‍വകലാശാലയുടെ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളും നിരവധിയാണ് . 

ആശുപത്രി കെട്ടിടം , ഹോസ്റ്റലുകള്‍ , റസിഡന്‍ഷ്യല്‍ സൗകര്യം എന്നിവയടക്കം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ വരും നാളുകളില്‍ കോളജിന്‍റെ അംഗീകാരം തന്നെ നഷ്ടപ്പെട്ടേക്കാം. 

പാലക്കാട് മെഡിക്കല്‍ കോളജിലെ അധ്യാപക നിയമനങ്ങള്‍ നടത്തുന്നത് എസ്.സി എസ്.ടി വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ ദ മാനേജ്മെന്‍റ് ഓഫ് ഇന്‍റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ്. നിലവില്‍ മെഡിക്കല്‍ കോളജുകളിലെ നിയമനം പി എസ് സി വ‍ഴിയായിരിക്കെ സൊസൈറ്റി വ‍ഴിയുള്ള നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നാണ് ആക്ഷേപം. 

പരസ്യം നല്‍കിയാണ് നിയമനങ്ങള്‍. പ്രൊഫസര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ അങ്ങനെ നീളുന്ന തസ്തികകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡങ്ങളെങ്ങനെ പാലിക്കാനാകുമെന്നതിലും വ്യക്തതയില്ല. പരാതികള്‍ ഏറിയപ്പോള്‍ വിജിലന്‍സ് അന്വേഷണം നടന്നു. പരാതിയില്‍ ക‍ഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനിടെ താല്‍കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവുമിറങ്ങി

ഇതിനിടെയാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച വിവാദം ഉയര്‍ന്നത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഫീസ് മൊത്തെ തുകയുടെ രണ്ട് ശതമാനത്തില്‍ താഴെയാകണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ല. മാത്രവുമല്ല പൊതുമരാമത്ത് ചീഫ് എന്‍ജിനിയറില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം കമ്പനിയുമായി കരാറിലേര്‍പ്പെടേണ്ടതെന്ന ചട്ടവും ലംഘിക്കപ്പെട്ടു. തുടര്‍ന്നാണ് പരാതിയില്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയത്.